LiveTV

Live

Kerala

സി.പി.എമ്മിനെ വിശ്വാസമില്ല; മുല്ലപ്പള്ളിയെ തള്ളി മുരളീധരന്‍

കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാക്കേണ്ട കാര്യമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു

സി.പി.എമ്മിനെ വിശ്വാസമില്ല; മുല്ലപ്പള്ളിയെ തള്ളി മുരളീധരന്‍

ബി.ജെ.പിയെ നേരിടാന്‍ കേരളത്തിലും സി.പി.എമ്മുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാടിനെതിരെ യു.ഡി.എഫ് നേതാക്കള്‍ രംഗത്ത്. കേരളത്തില്‍ ബി.ജെ.പി ഒരു ശക്തിയേ അല്ലെന്നും സി.പി.എമ്മിനെ വിശ്വാസത്തിലെടുക്കാനാവില്ലെന്നും കെ.മുരളീധരന്‍ തുറന്നടിച്ചു. കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാക്കേണ്ട കാര്യമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

സി.പി.എമ്മുമായി ബംഗാളില്‍ ധാരണയുണ്ടാക്കിയത് കേരളത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുമോയെന്ന ചോദ്യത്തിനായിരുന്നു കെ.പി.സി.സി പ്രസിഡന്‍റിന്‍റെ മറുപടി. തെരഞ്ഞെടുപ്പ് സഖ്യങ്ങളെക്കുറിച്ച് സംസ്ഥാന ഘടകങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പറഞ്ഞു. ഇതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ നിലപാട് തള്ളി കെ മുരളീധരന്‍ എം.എല്‍.എ രംഗത്തുവന്നത്. കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും ഭരണ, പ്രതിപക്ഷ കക്ഷികളായി തുടരുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

യാത്രക്ക് ആളെക്കൂട്ടാനാണ് മുല്ലപ്പള്ളി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നായിരുന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍റെ പ്രതികരണം. മുല്ലപ്പള്ളിയുടെ ഉപദേശം കേട്ട് പ്രവർത്തിക്കേണ്ട കാര്യം സി.പി.എമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു.