LiveTV

Live

Kerala

പൊന്നാനിയില്‍ കുഞ്ഞാലിക്കുട്ടിയെ മല്‍സരിപ്പിക്കണമെന്ന് എട്ട് എം.എല്‍.എമാര്‍

കുഞ്ഞാലിക്കുട്ടി പൊന്നാനിയില്‍ മല്‍സരിച്ചാല്‍ മികച്ച ഭൂരിപക്ഷം ലഭിക്കുന്നതോടൊപ്പം പാര്‍ട്ടിയുടെ സംഘടനാ അടിത്തറ ശക്തിപ്പെടുമെന്ന വാദവും എം.എല്‍.എമാര്‍ മുന്നോട്ടുവെച്ചു.

പൊന്നാനിയില്‍ കുഞ്ഞാലിക്കുട്ടിയെ മല്‍സരിപ്പിക്കണമെന്ന് എട്ട് എം.എല്‍.എമാര്‍

പി.കെ കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ മല്‍സരിപ്പിക്കണമെന്ന് എട്ട് എം.എല്‍.എമാര്‍ പാണക്കാട് ഹൈദരലി തങ്ങളോട് ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടി പൊന്നാനിയില്‍ മല്‍സരിച്ചാല്‍ മികച്ച ഭൂരിപക്ഷം ലഭിക്കുന്നതോടൊപ്പം പാര്‍ട്ടിയുടെ സംഘടനാ അടിത്തറ ശക്തിപ്പെടുമെന്ന വാദവും എം.എല്‍.എമാര്‍ മുന്നോട്ടുവെച്ചു.

പാണക്കാട്ട് ചേര്‍ന്ന നേതൃയോഗത്തില്‍ പാര്‍ട്ടിയുടെ എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കുമാണ് ക്ഷണമുണ്ടായിരുന്നത്. അധ്യക്ഷന്‍ ഹൈദരലി തങ്ങളും ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി.എ മജീദും സാദിഖലി തങ്ങളും മാത്രമാണ് ഇവരെ കൂടാതെ യോഗത്തില്‍ ഇരുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പും സംഘടനാ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഹൈദരലി തങ്ങളെ ഓരോരുത്തരും തനിച്ച് കാണണമെന്ന് യോഗത്തില്‍ നിര്‍ദേശമുണ്ടായി. ഹൈദരലി തങ്ങളുമായുള്ള ഈ കൂടിക്കാഴ്ചയിലാണ് എട്ട് എം.എല്‍.എമാര്‍ കുഞ്ഞാലിക്കുട്ടിയെ മല്‍സരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

കഴിഞ്ഞ തവണ ഇരുപത്തയ്യായിരം വോട്ടിന്‍റെ ഭൂരിപക്ഷമാണ് പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിന് ലഭിച്ചത്. ജനകീയനായ പി.കെ കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ മല്‍സരിപ്പിച്ച് വിജയം ഉറപ്പാക്കുകയും പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കുകയും വേണമെന്നാണ് എം.എല്‍.എമാരുടെ ആവശ്യം. ഇ.ടി മുഹമ്മദ് ബഷീറിന് കുറച്ചുകൂടി സുരക്ഷിതമായ മണ്ഡലം മലപ്പുറമാണെന്ന വാദവും ഇവര്‍ ഉന്നയിച്ചു.

പാര്‍ട്ടി മൂന്നാമതൊരു ലോക്സഭാ സീറ്റ് ആവശ്യപ്പെടരുതെന്ന് കുഞ്ഞാലിക്കുട്ടി പക്ഷക്കാരായ എന്‍.ഷംസുദ്ദീനും കെ.എം ഷാജിയും ലീഗ് നേതൃയോഗത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ആവശ്യമുള്ള സ്ഥിതിയുണ്ടെന്ന് കെ.എം ഷാജി യോഗത്തില്‍ ശക്തമായി വാദിച്ചു. കൂടുതല്‍ നിയമസഭാ സീറ്റുകളാണ് ചോദിക്കേണ്ടതെന്ന് എന്‍.ഷംസുദ്ദീന്‍ പറഞ്ഞു.