LiveTV

Live

Kerala

ദേവികുളം സബ് കലക്ടറോട് മോശമായി സംസാരിച്ച എസ് രാജേന്ദ്രന്‍ എം.എല്‍.എയോട് സി.പി.എം വിശദീകരണം തേടും

ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. എം.എല്‍.എയുടെ വിശദീകരണം കേട്ടതിന് ശേഷമാകും തുടര്‍ നടപടികള്‍.

ദേവികുളം സബ് കലക്ടറോട് മോശമായി സംസാരിച്ച എസ് രാജേന്ദ്രന്‍ എം.എല്‍.എയോട് സി.പി.എം  വിശദീകരണം തേടും

ദേവികുളം സബ്കലക്ടറോട് മോശമായി സംസാരിച്ചെന്ന ആരോപണത്തില്‍ സി.പി.എം എസ് രാജേന്ദ്രന്‍ എം.എല്‍.എയോട് വിശദീകരണം ചോദിക്കും. കയ്യേറ്റങ്ങളിലുള്ള നിയമനടപടികളില്‍ പാര്‍ട്ടി ഇടപെടില്ലെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ അറിയിച്ചു. എം.എല്‍.എക്കെതിരെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് തന്നെ പരാതി നല്‍കാനാണ് സബ്കലക്ടര്‍ രേണു രാജിന്‍റെ തീരുമാനം.

ഓള്‍ഡ് മൂന്നാറില്‍ മുതിരപ്പെരിയാറിന് സമീപം മൂന്നാര്‍ പഞ്ചായത്ത് നിര്‍മിക്കുന്ന വനിതാ വ്യവസായ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എസ് രാജേന്ദ്രന്‍ എം.എല്‍.എ ദേവികുളം സബ്കലക്ടറെ ആക്ഷേപിച്ചത്. റവന്യു വകുപ്പിന്റെ നിരാക്ഷേപ പത്രം ലഭിക്കാതെയാണ് പഞ്ചായത്ത് നിര്‍മാണം നടത്തിയത്. അനധികൃത നിര്‍മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരേയും പൊലീസിനേയും ഭൂസംരക്ഷണ സേനയേയും എസ് രാജേന്ദ്രന്‍ എം.എല്‍.എയും മൂന്നാര്‍ പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് മടക്കി അയക്കുകയായിരുന്നു. സംഭവം വിവാദമായതോടെ എം.എല്‍.എയോട് വിശദീകരണം ചോദിക്കാന്‍ സി.പി.എം തീരുമാനിച്ചു.

കയ്യേറ്റങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന നിയമ നടപടികളില്‍ പാര്‍ട്ടി ഇടപെടില്ലെന്നും ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരോട് മാന്യമായി ഇടപെടണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനും പ്രതികരിച്ചു. എം.എല്‍.എ ആക്ഷേപിച്ച സംഭവത്തില്‍ ചീഫ് സെക്രട്ടറി, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്‍കുമെന്ന് രേണുരാജ് അറിയിച്ചു.