LiveTV

Live

Kerala

പി.കെ ഫിറോസിനെ കള്ളക്കേസില്‍ കുരുക്കാന്‍ നീക്കം നടക്കുന്നുവെന്ന് യൂത്ത് ലീഗ്

മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനത്തിലടക്കം കൃത്യമായ വിവരങ്ങള്‍ ലഭിച്ചത് സി.പി.എമ്മിനകത്ത് നിന്നാണ്.

പി.കെ ഫിറോസിനെ കള്ളക്കേസില്‍ കുരുക്കാന്‍ നീക്കം നടക്കുന്നുവെന്ന് യൂത്ത് ലീഗ്

ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ബന്ധു നിയമനം സംബന്ധിച്ച് ജെയിംസ് മാത്യു എം.എല്‍.എ നല്‍കിയ പരാതി പുറത്ത് വിട്ട പി.കെ ഫിറോസിനെ കള്ളക്കേസില്‍ കുരുക്കാന്‍ നീക്കം നടക്കുന്നുവെന്ന് യൂത്ത് ലീഗ്. മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനത്തിലടക്കം കൃത്യമായ വിവരങ്ങള്‍ ലഭിച്ചത് സി.പി.എമ്മിനകത്ത് നിന്നാണ്. ഇത് തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെ.ടി ജലീലിനെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി.

ഐ.കെ.എമ്മിലെ നിയമന ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നതായി ജെയിംസ് മാത്യു തന്നെ സമ്മതിച്ചിട്ടുണ്ട്. ബാക്കി ഇപ്പോള്‍ നടക്കുന്നതെല്ലാം ഫിറോസിനെ കുരുക്കാനുള്ള ഗൂഢാലോചനയാണെന്നാണ് യൂത്ത് ലീഗിന്റെ ആക്ഷേപം. ഇതിനെ രാഷ്ട്രീയമായി പാര്‍ട്ടി നേരിടുമെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി.

കെ.ടി ജലീലിന്റെ ബന്ധു നിയമന വിവാദമടക്കമുള്ളവ പുറത്ത് കൊണ്ടുവന്നതാണ് ഫിറോസിനെതിരെ തിരിയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന വാദവും യൂത്ത് ലീഗ് ഉയര്‍ത്തുന്നു . ബന്ധു നിയമനം തെളിഞ്ഞ സാഹചര്യത്തില്‍ ജലീലിനെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെ.പി.സി.സി അധ്യക്ഷനും ആവശ്യപ്പെട്ടു. ഫിറോസിനെതിരെ കേസെടുക്കാനുള്ള നിര്‍ദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറും വ്യക്തമാക്കി.