LiveTV

Live

Kerala

ബി.ജെ.പി ബന്ധം; പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി കോണ്‍ഗ്രസും സി.പി.എമ്മും

സി.പി.എം- ബി.ജെ.പി ബന്ധത്തിന്റെ തെളിവ് കയ്യിലുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി അവകാശപ്പെട്ടു. 

 ബി.ജെ.പി ബന്ധം; പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി കോണ്‍ഗ്രസും സി.പി.എമ്മും

ബി.ജെ.പി ബന്ധത്തിന്റെ പേരില്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി കോണ്‍ഗ്രസും സി.പി.എമ്മും. സി.പി.എം- ബി.ജെ.പി ബന്ധത്തിന്റെ തെളിവ് കയ്യിലുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി അവകാശപ്പെട്ടു. എന്നാല്‍ സി.പി.എം വിരോധം കൊണ്ടാണ് മുല്ലപ്പള്ളി പാര്‍ട്ടിക്കുമേല്‍ ബി.ജെ.പി ബന്ധം ആരോപിക്കുന്നതെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അല്‍ഫോണ്‍സ് കണ്ണന്താനവും വത്സന്‍ തില്ലങ്കേരിയുമാണ് സി.പി.എമ്മിനെയും ബി.ജെ.പിയെയും ബന്ധിപ്പിച്ച് നിര്‍ത്തുന്ന കണ്ണികളെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ആര്‍.എസ്.എസ് ബന്ധമെന്ന ഉമ്മാക്കി കാട്ടി സി.പി.എമ്മിനെ പേടിപ്പിക്കേണ്ടെന്നായിരുന്നു ഇതിന് കോടിയേരിയുടെ മറുപടി. ബി.ജെ.പിയുമായുള്ള കൂട്ടുകെട്ട് മറക്കാനാണ് സി.പി.എം കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

റാഫേല്‍ അഴിമതിയെ കുറിച്ച് സി.പി.എം മൌനം പാലിക്കുന്നതായി മുല്ലപ്പള്ളി ആരോപിച്ചു. എന്നാല്‍ റാഫേല്‍ ചര്‍ച്ച ചെയ്യാതിരിക്കാനാണ് ഇപ്പോള്‍ ലാവ്‌ലിന്‍ ഉന്നയിക്കുന്നതെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. തങ്ങളാണ് ബി.ജെ.പിയെ പ്രതിരോധിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് അവകാശപ്പെട്ട് സംഘ്പരിവാര്‍ വിരുദ്ധ വോട്ടു തേടുകയാണ് ഇരുപാര്‍ട്ടികളുടെയും ലക്ഷ്യം.‌