LiveTV

Live

Kerala

യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ച മാറ്റി വെച്ചു

ഞായറാഴ്ച നടക്കാനിരുന്ന ചര്‍ച്ച പതിനെട്ടാം തിയതിയിലേക്കാണ് മാറ്റിയത്. 

യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ച മാറ്റി വെച്ചു

മുസ്ലീംലീഗും കേരളാ കോണ്‍ഗ്രസ് മാണിയും അധിക സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതിനിടെ നേരത്തെ നിശ്ചയിച്ചിരുന്ന ഉഭയകക്ഷി ചര്‍ച്ച യു.ഡി.എഫ് നീട്ടിവെച്ചു. ഞായറാഴ്ച നടക്കാനിരുന്ന ചര്‍ച്ച പതിനെട്ടാം തിയതിയിലേക്കാണ് മാറ്റിയത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതുകൊണ്ടാണ് ചര്‍ച്ച മാറ്റിയതെന്നാണ് വിശദീകരണം.

രണ്ട് സീറ്റുള്ള മുസ്ലീംലീഗും ഒരു സീറ്റില്‍ മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് മാണിയും ഓരോ സീറ്റുകള്‍ വീതമാണ് അധികമായി ചോദിച്ചിരിക്കുന്നത്. സീറ്റില്ലാത്ത കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ഒരു സീറ്റ് വേണമെന്ന നിലപാടും എടുത്തു.ഈ സാഹചര്യത്തിലാണ് ഉഭയകക്ഷി ചര്‍ച്ച നടത്തി പ്രശ്ന പരിഹാരം നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.പത്താം തീയതി ചര്‍ച്ച തുടങ്ങി വയ്ക്കാനായിരുന്നു ഒന്നാം തിയതിയെടുത്ത തീരുമാനം. ഇതിനിടയില്‍ ലീഗ് നേതാക്കളേയും കെ.എം മാണിയേയും കണ്ട് അധിക സീറ്റ് നല്‍കാനാവില്ലെന്ന നിലപാട് പറഞ്ഞ് മനസിലാക്കാമെന്നായിരുന്നു കോണ്‍ഗ്രസിനകത്തുണ്ടായിരുന്ന ധാരണ.

രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കാണുകയും ചെയ്തു. എന്നാല്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാട് തങ്ങളും എടുത്തതോടെയാണ് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം ഉഭയകക്ഷി ചര്‍ച്ചയിലേക്ക് പോയാല്‍ മതിയെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ് എത്തിയത്.ജോസ് കെ.മാണിയുടെ കേരള യാത്ര നടക്കുന്നതുകൊണ്ടാണ് ഉഭയകക്ഷി ചര്‍ച്ച നീട്ടിവെച്ചതെന്നാണ് കോണ്‍ഗ്രസ്, ലീഗ് നേതാക്കളെ അറിയിച്ചത്.