കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സേവ് അവര്‍ സിസ്റ്റേഴ്സ് സമരത്തിലേക്ക്
കോട്ടയത്ത് നാളെ സമര കണ്വെന്ഷന് സംഘടിപ്പിക്കും

ലൈംഗിക പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനതിരെ സമരം നയിച്ച കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സേവ് അവര്‍ സിസ്റ്റേഴ്സ് സമരത്തിലേക്ക്. കോട്ടയത്ത് നാളെ സമര കണ്വെന്ഷന് സംഘടിപ്പിക്കും. കന്യാസ്ത്രീകള്‍ക്കെതിരായ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുന്നത് വരെ സമര പരിപാടികള്‍ തുടരാനാണ് എസ്.ഒ.എസിന്റെ തീരുമാനം.
പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണച്ച കന്യാസ്ത്രീകളുടെ മേല്‍ സ്ഥലം മാറ്റം അടക്കമുള്ള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ മിഷണറീസ് ഓഫ് ജീസസ് സന്യാസ സഭ ചെലുത്താന്‍ ശ്രമങ്ങള്‍ തുടങ്ങിയ സാഹചര്യത്തിലാണ് വീണ്ടും സമര രംഗത്തേക്ക് ഇറങ്ങാന്‍ സേവ് അവര്‍ സിസ്റ്റേഴ്സ് സംഘടന തീരുമാനിച്ചത്. കന്യാസ്തീകളെ കുറവിലങ്ങാട് മഠത്തില്‍ തന്നെ താമസിപ്പിക്കണം, ഇവരുടെ സംരക്ഷിക്കാന്‍ രൂപത തയ്യാറാകണം എന്നീ ആവശ്യങ്ങളാണ് എസ്.ഒ.എസ് ഉയര്‍ത്തുന്നത്. ഒപ്പം ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പ് പദവിയില്‍ നിന്ന് തരം താഴ്ത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയം തിരുനക്കരയിലെ പഴയ പൊലീസ് സ്റ്റേഷന് മൈതാനത്താണ് പരിപാടി. പ്രശ്നത്തില്‍ ജനപിന്തുണ ഉറപ്പാക്കാനായി സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷനില്‍ വിവിധ രംഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങാനാണ് സേവ് ഔര്‍ സിസ്റ്റേഴ്സ് സമിതിയുടെ തീരുമാനം.