LiveTV

Live

Kerala

കേരള യാത്ര ഇടുക്കി വിട്ടു; തൊടുപുഴയില്‍ തണുപ്പന്‍ സ്വീകരണം

തണുപ്പന്‍ പ്രതികരണത്തിന് പുറമെ ഒന്നര മണിക്കൂര്‍ വൈകി കൂടിയാണ് പരിപാടിയുടെ ഉദ്ഘാടകനായ പി.ജെ ജോസഫ് എത്തിച്ചേര്‍ന്നതും.

 കേരള യാത്ര ഇടുക്കി വിട്ടു; തൊടുപുഴയില്‍ തണുപ്പന്‍ സ്വീകരണം

കേരളാ കോണ്‍ഗ്രസ് എമ്മില്‍ സീറ്റ് വിഷയത്തില്‍ പുകഞ്ഞ പ്രശ്നങ്ങളുടെ പ്രതിഫലനമായിരുന്നു ഇടുക്കി ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി തൊടുപുഴയിലെത്തിയ കേരളയാത്രയില്‍ കണ്ടത്. പി.ജെ ജോസഫിന്റെ തട്ടകത്തില്‍ ജോസ് കെ.മാണിയുടെ കേരള യാത്രയ്ക്ക് ലഭിച്ച തണുപ്പന്‍ പ്രതികരണത്തിന് പുറമെ ഒന്നര മണിക്കൂര്‍ വൈകി കൂടിയാണ് പരിപാടിയുടെ ഉദ്ഘാടകനായ പി.ജെ ജോസഫ് എത്തിച്ചേര്‍ന്നതും.

കേരളാ യാത്രയെ തൊടുപുഴയിലേക്ക് ആനയിച്ച ജോസഫ് വിഭാഗത്തിന്റെ പഴയ തെരഞ്ഞെടുപ്പ് ചിഹ്നമായ കുതിര വിരണ്ടതോടെ തുടങ്ങി കേരള യാത്രയുടെ ഇടുക്കിയിലെ സമാപന പരിപാടിയിലെ കല്ലുകടി. പി.ജെ അണികള്‍ ഏറെയുള്ള തൊടുപുഴയില്‍ ജോസ് കെ. മാണിയുടെ കേരളയാത്രയ്ക്ക് കാര്യമായ വരവേല്‍പ്പ് ലഭിച്ചില്ല. തൊടുപുഴയില്‍ സാധാരണ നടക്കാറുള്ള കേരളാ കോണ്‍ഗ്രസ് പരിപാടികളിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്കാളിത്തവും ഉണ്ടായില്ല എന്നത് ശ്രദ്ധേയമായി. നിശ്ചയിച്ച സമയത്തില്‍ നിന്ന് ഒരു മണിക്കൂര്‍ വൈകിയാണ് പരിപാടി തുടങ്ങിയതെങ്കിലും ഒന്നര മണിക്കൂര്‍ വൈകിയാണ് ഉദ്ഘാടകന്‍ ജോസഫ് വേദിയിലെത്തിയത്. വേദിയിലേക്ക് ആനയിച്ചത് ജോസഫ് മുദ്രാവാക്യങ്ങള്‍. മറുവശത്ത് ജോസ് കെ.മാണിക്കു വേണ്ടിയും മുദ്രാവാക്യം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള വിമര്‍ശനവും, പ്രളയവും, പാലിയേറ്റിവ് കെയറും അടക്കം പി.ജെയുടെ പ്രസംഗത്തില്‍ നിറഞ്ഞപ്പോള്‍ കേരള യാത്രയ്ക്കും ജോസ് കെ.മാണിക്കും കാര്യമായ പരിഗണനയുണ്ടായില്ല. തുടര്‍ന്ന് സംസാരിച്ച ജോസ് കെ.മാണി പി.ജെ ജോസഫിന്റെ പേരെടുത്തു പറയാതെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജില്ലയിലെ യു.ഡി.എഫ് നേതാക്കള്‍ക്കും യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞത്. നിയമസഭയില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പ്രളയം ഉന്നയിച്ചത് റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആണെന്ന് ഊന്നി പറഞ്ഞ ജോസ് കെ.മാണിയെ വേദിയിലുണ്ടായിരുന്ന പി.ജെ ജോസഫിന്റെ പേരു കൂടി റോഷി അഗസ്റ്റിന്‍ ഓര്‍മപ്പെടുത്തിയതും കൌതുകമായി. അറിഞ്ഞും അറിയാതെയും ഇരു നേതാക്കള്‍ക്കും ഉണ്ടായ ഓര്‍മ്മ പിശകുകള്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴുണ്ടായ വിള്ളലിന്റെ ആഴം തന്നെയാണ് വ്യക്തമാക്കുന്നത്.