കഥകളി ആചാര്യ ചവറ പാറുക്കുട്ടി അന്തരിച്ചു
ഇന്നലെ രാത്രി ചവറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പ്രമുഖ കഥകളി ആചാര്യ ചവറ പാറുക്കുട്ടി അന്തരിച്ചു. ഇന്നലെ രാത്രി ചവറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഏറെ നാളായി കലാരംഗത്തുനിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.ഇന്ന് വൈകിട്ട് നാലുമണിക്ക് കൊല്ലം മുളങ്കാടകം ശ്മശാനത്തിലാണ് സംസ്കാരം.
അഞ്ചുപതിറ്റാണ്ടിലേറെ കഥകളി രംഗത്ത് വേഷമാടിയാണ് ചവറ പാറുക്കുട്ടിയുടെ വിടവാങ്ങൽ. ചവറ ചെക്കാട്ടു കിഴക്കതിൽ എൻ. ശങ്കരൻ ആചാരിയുടെയും നാണിയമ്മയുടേയും മൂന്നുമക്കളില്‍ ഇളയവളായി 1944 ആഗസ്ത് 21നായിരുന്നു ജനനം. പതിനാലാമത്തെ വയസില്‍ ചവറ കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ അരങ്ങേറിയ പാറുക്കുട്ടി അവസാനകാലം വരെ ആ കലോപാസന തുടര്‍ന്നു. മുതുപ്പിലക്കാട് ഗോപാലപ്പണിക്കരാശാന്റെ കീഴിലായിരുന്നു കഥകളി പഠനം. പൂതനാമോക്ഷം ആട്ടക്കഥയിലെ പൂതനയുടെ വേഷമായിരുന്നു ആദ്യകാലങ്ങളില്‍ കെട്ടിയാടിയിരുന്നത്.
പിന്നീട് ദേവയാനി, ദമയന്തി വേഷങ്ങളിലൂടെയും ശ്രദ്ധേയയായ പാറുക്കുട്ടി പുരുഷവേഷത്തിലും കഥകളി ആസ്വാദകരുടെ ഉള്ളില്‍ ഇടംപിടിച്ചു. ചെങ്ങന്നൂര്‍ രാമന്‍പിള്ള, കലാമണ്ഡലം കൃഷ്ണന് നായര്‍ തുടങ്ങി പ്രശസ്ത കഥകളി ആചാര്യന്മാര്ക്കൊപ്പവും കളിയരങ്ങില്‍ ആടിയിട്ടുണ്ട്.
ചുവന്ന താടി ഒഴികെ എല്ലാ വേഷങ്ങളും കെട്ടിയാടിയിട്ടുള്ള പാറുക്കുട്ടിയുടെ ഇഷ്ടവേഷം ദേവയാനിയായിരുന്നു. പന്നിശ്ശേരി നാണുപിള്ള സ്മാരക അവാർഡ്,ഹൈദരലി സ്മാരക കഥകളി അവാർഡ്,കേരള കലാമണ്ഡലം അവാർഡ്,കേരള സംഗീതനാടക അക്കാദമി "ഗുരുപൂജ" പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും പാറുക്കുട്ടിയെ തേടിയെത്തി. മകള്‍ കലാമണ്ഡലം ധന്യക്കൊപ്പം ചവറയില്‍ നൃത്തകേന്ദ്രം നടത്തുന്നതിനിടയിലാണ് അസുഖബാധിതയാകുന്നത്. ചവറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് പത്തുമണിയോടെ അന്തരിച്ചു.