LiveTV

Live

Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കും

ഡി.ജി.സി.എയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവു പറഞ്ഞു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കും

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവു. മാര്‍ച്ച് 31നുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതോടെ ഹജ്ജ് സര്‍വ്വീസുകളും പുനരാരംഭിക്കും. ആഭ്യന്തര സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമായി.

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ആരംഭിച്ചിരുന്നെങ്കിലും എയര്‍ ഇന്ത്യയുടെ സര്‍വ്വീസ് പുനരാരംഭിച്ചിരുന്നില്ല. ഡി.ജി.സി.എയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവു പറഞ്ഞു.

നെടുമ്പാശ്ശേരിക്ക് പുറമെ കരിപ്പൂരിലും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനരാരംഭിച്ചിരുന്നു. എന്നാലും ആദ്യ ഹജ്ജ് വിമാനം എവിടെ നിന്നായിരിക്കുമെന്നതില്‍ ആശയകുഴപ്പമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആദ്യ ഹജ്ജ് വിമാനം പറന്നുയരുന്നത് കരിപ്പൂരില്‍ നിന്നായിരിക്കുമെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഉറപ്പ് പറയുന്നത്.

ഇതിന് പുറമെ കരിപ്പൂരില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര സര്‍വ്വീസുകള്‍ ആരംഭിക്കാനും തീരുമാനമുണ്ട്. ഡല്‍ഹിയിലേക്ക് നേരിട്ട് ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായിരിക്കും സര്‍വ്വീസ്. മറ്റിടങ്ങളിലേക്കും സര്‍വ്വീസുകള്‍ ആരംഭിക്കാനുള്ള പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്.