കലാഭവന്‍ മണിയുടെ മരണം: നുണപരിശോധനയ്ക്ക് തയ്യാറെന്ന് ജാഫര്‍ ഇടുക്കിയുള്‍പ്പടെയുള്ള ഏഴുപേര്‍
ചാലക്കുടി പുഴയോരത്തെ മണിയുടെ വിശ്രമകേന്ദ്രത്തില്‍ നിന്നും അബോധാവസ്ഥയിലാണ് മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്.

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധനക്ക് തയ്യാറാണെന്ന് ജാഫര്‍ ഇടുക്കി, സാബു ഉള്‍പ്പടെയുള്ള ഏഴുപേര്‍ എറണാകുളം സി.ജെ.എം കോടതിയെ അറിയിച്ചു. ജോബി സെബാസ്റ്റിന്, അരുണ്‍ സി.എ, എം.ജി വിപിന്‍, കെ.സി മുരുകന്, അനീഷ് കുമാര്‍ എന്നിവരാണ് പരിശോധനയക്ക് തയ്യാറാണെന്നറിയിച്ച മറ്റ് അഞ്ചു പേര്. നുണപരിശോധനക്ക് തയ്യാറാകണമെന്ന് സി.ബി.ഐ കേസേറ്റെടുത്തപ്പോള്‍ തന്നെ ഇവരോട് ആവശ്യപ്പെട്ടിരുന്നു. നുണപരിശോധനയ്ക്ക് തയ്യാറാണോ അല്ലയോ എന്നറിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ഇവര്‍ക്ക് കോടതിയും നോട്ടീസയച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചത്.
2016 മാര്‍ച്ച് 6 നായിരുന്നു മണിയുടെ മരണം. ചാലക്കുടി പുഴയോരത്തെ മണിയുടെ വിശ്രമകേന്ദ്രത്തില്‍ നിന്നും അബോധാവസ്ഥയിലാണ് മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നിരുന്നു.
കേന്ദ്ര സംസ്ഥാന ലാബുകളില്‍ മണിയുടെ ആന്തരിക അവയവങ്ങള്‍ പരിശോധിച്ചതില്‍ വ്യത്യസ്ത ഫലങ്ങളാണ് പുറത്തു വന്നത്. ഗുരുതരമായ കരള്‍ രോഗ ബാധിതനായിരുന്ന മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെയും വ്യാജമദ്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു.
മണിയുടെ മരണം അസ്വാഭാവികമാണെന്നാണ് സി.ബി.ഐ സമര്‍പ്പിച്ചിരിക്കുന്ന എഫ്.ഐ.ആറില്‍ ഉള്ളതെങ്കിലും ആരെയും പ്രതി ചേര്‍ത്തിട്ടില്ല.