ഉമ്മന്‍ചാണ്ടിക്കായി കാത്തിരിക്കുന്നു; ഇടുക്കിക്ക് അവകാശവാദവുമായി കോണ്‍ഗ്രസ് ജില്ലാനേതൃത്വം
കേരളാ കോണ്‍ഗ്രസ് എം ഇടുക്കി സീറ്റിന് അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് ഇടുക്കിയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റ പ്രതികരണം.
ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കാണ് സാധ്യതയെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍. ഉമ്മന്‍ചാണ്ടി വരുമെന്ന പ്രതീക്ഷയിലാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് പ്രസക്തിയില്ലെന്നും ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് എം ഇടുക്കി സീറ്റിന് അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് ഇടുക്കിയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റ പ്രതികരണം. ഉമ്മന്‍ചാണ്ടിയുടെ വരവുണ്ടാകുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഇബ്രാഹിംകുട്ടി കല്ലാര്‍ പ്രതികരിച്ചു. ഹൈറേഞ്ച് സംരക്ഷണ സമിതി രാഷ്ട്രീയമായി അപ്രസക്തമായി. ജോയ്സ് ജോര്‍ജ് എം.പിയും ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കിയിലെ കര്‍ഷകരെ അഞ്ച് വര്‍ഷക്കാലം വഞ്ചിക്കുകയായിരുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍ക്കായി ഗുണകരമായ നടപടികള്‍ സ്വീകരിച്ചത്. ഹൈറേഞ്ച് സംരക്ഷണ സമിതി ജോയ്സ് ജോര്‍ജ് എംപിക്കുവേണ്ടി നടത്തുന്ന വാദങ്ങള്‍ അപ്രസക്തമാണെന്നും ഇബ്രാംഹിംകുട്ടി അവകാശപ്പെട്ടു. കോണ്‍ഗ്രസിന് ഇടുക്കി സീറ്റ് വേണമെന്ന ആവശ്യം ഡി.സി.സി അധ്യക്ഷന്‍ പറയാതെ പറഞ്ഞുവെച്ചത് സീറ്റിനായി അവകാശവാദം ഉന്നയിക്കുന്ന കേരളാ കോണ്‍ഗ്രസിന് അതൃപ്തിയുണ്ടാക്കിയേക്കും.