സര്‍ക്കാരിനൊപ്പം നില്ക്കും, രാജി വെക്കില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
പരസ്യമായ പോര് അവസാനിപ്പിക്കണമെന്ന പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശത്തെ തുടര്‍ന്നാണ് പത്മകുമാര്‍ നിലപാട് മയപ്പെടുത്തിയതെന്നാണ് വിവരം.

ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച ദേവസ്വം ബോര്‍ഡ് നിലപാടിനെ തുടര്‍ന്ന് പാര്‍ട്ടിയും സര്‍ക്കാരുമായി ഇടഞ്ഞ ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ അയയുന്നു. ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടിയെന്ന നിലപാടില്‍ നിന്ന് പ്രസിഡന്റ് എ പത്മകുമാര്‍ മലക്കം മറിഞ്ഞു. പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി. പരസ്യമായ പോര് അവസാനിപ്പിക്കണമെന്ന പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശത്തെ തുടര്‍ന്നാണ് പത്മകുമാര്‍ നിലപാട് മയപ്പെടുത്തിയതെന്നാണ് വിവരം.
ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ബോര്‍ഡ് സുപ്രീംകോടതിയില്‍ നിലപാട് സ്വീകരിച്ചത് തന്നെ അറിയിക്കാതെയാണെന്ന് വ്യക്തമാക്കിയ എ പത്മകുമാര്‍ ഇക്കാര്യത്തിലുള്ള അതൃപ്തി പരസ്യപ്പെടുത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഇന്നലെ ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിച്ചു. ഇത്തരത്തില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്നും കോടിയേരിയോട് പത്മകുമാര്‍ പറഞ്ഞതായും വിവരമുണ്ട്. ഇതോടെ പാര്‍ട്ടി നേതൃത്വം ഇടപെട്ടു. പരസ്യമായ പോരിലേക്ക് പോകരുതെന്ന കര്‍ശന നിര്‍ദേശം പാര്‍ട്ടി നേതൃത്വം പത്മകുമാറിന് നല്‍കിയതായാണ് വിവരം.
ഇതിന് പിന്നാലെ തന്നെ ദേവസ്വം ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്റും ഒരേ വേദിയിലെത്തി. സുപ്രീംകോടതിയില്‍ നടന്ന കാര്യങ്ങള്‍ സംബന്ധിച്ച് ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടിയെന്ന മുന്‍നിലപാടില്‍ നിന്ന് പ്രസിഡന്റ് മലക്കം മറിഞ്ഞു. ദേവസ്വം ബോര്‍ഡില്‍ ആശയക്കുഴപ്പമില്ലെന്ന് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.
പത്മകുമാറിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ ദേവസ്വം മന്ത്രി സാവകാശ ഹര്‍ജിക്ക് നിലവില്‍ പ്രസക്തിയില്ലെന്നും വ്യക്തമാക്കി. പാര്‍ട്ടി നേതൃത്വം ഇടപെട്ട് നിലവില്‍ സമവായം ഉണ്ടാക്കിയെങ്കിലും വരുംദിവസങ്ങളില്‍ തന്നെ ബോര്‍ഡ് യോഗം വിളിച്ച് നിലവിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.