നിങ്ങളുടെ രാഷ്ട്രീയം ഇവിടെ എടുക്കേണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് ഹൈക്കോടതി
കുഞ്ഞനന്തന് പരോള്‍ ലഭിച്ച ശേഷം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയില്‍ വാദിച്ചു.
കോടതികളില്‍ രാഷ്ട്രീയം പറയേണ്ടന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് ഹൈക്കോടതി. ടി.പി ചന്ദ്രശേഖന് വധക്കേസ് പ്രതി കുഞ്ഞനന്തന്റെ ചികത്സക്കായി ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം. കുഞ്ഞനന്തന് പരോളിന് പകരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടര്‍ന്നാല്‍ പോരെയെന്നും കോടതി ചോദിച്ചു. തനിക്ക് നടക്കാൻ കഴിയുന്നില്ലെന്നും ഗുരുതരമായ രോഗബാധയുണ്ടെന്നും ജയിലിൽ ശരിയായ ചികിത്സ ലഭിക്കില്ലെന്നുമായിരുന്നു കുഞ്ഞനന്തൻ കോടതിയെ അറിയിച്ചത്.
ഗുരുതരമായ സന്ധിവേദനയും പ്രമേഹവുമുണ്ടെന്ന കുഞ്ഞനന്തന്റെ അഭിഭാഷകന് പറഞ്ഞപ്പോള്‍ . ഇത് സാധാരണ എല്ലാവർക്കും ഉണ്ടാകുന്ന അസുഖങ്ങളല്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം. ശരീരത്തിലെ ഒരു ഭാഗം പോലും അസുഖമില്ലാത്തതില്ലെന്നും കുറ്റവാളികൾക്ക് മെഡിക്കൽ കോളേജിൽ നിന്ന് എന്ത് ചികിത്സയാണ് ലഭിക്കുന്നതെന്നും കുഞ്ഞനന്തന്റെ അഭിഭാഷകന് ചോദിച്ചു. എന്നാല്‍ സംസ്ഥാനത്ത് ഏറ്റവും മികച്ച ചികിൽസ ലഭിക്കുന്നത് മെഡിക്കൽ കോളേജുകളിലല്ലേയെന്നായിരുന്നു കോടതിയുടെ മറു ചോദ്യം. സംസ്ഥാനത്തെ ഏറ്റവും ശക്തനായ കുറ്റവാളിയാണ് കുഞ്ഞനന്തനെന്ന് വിചാരണക്കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. ചട്ടങ്ങൾ ലംഘിച്ച് ഒട്ടേറെ തവണ പരോൾ നേടി.
പരോൾ ലഭിച്ച ശേഷം പാർട്ടി പരിപാടികളിൽ പങ്കെടുക്കുകയാണെന്നും അഭിഭാഷകന് പറഞ്ഞു. നിയമപരമായി അവകാശപ്പെട്ട പരോൾ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും പാർട്ടി പരിപാടികളിൽ പങ്കെടുത്തെന്ന ആരോപണം അടിസ്ഥാനരഹിതമെന്നുമായിരുന്നു കുഞ്ഞനന്തന്റെ വാദം. തുടര്‍ന്നാണ് പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച പാർട്ടിയാണെന്നും സർക്കാർ അഭിഭാഷകന് പറഞ്ഞത്. തുടര്‍ന്നാണ് നിങ്ങളുടെ രാഷ്ട്രീയം ഇവിടെ എടുക്കേണ്ടെന്ന രീതിയില്‍ സർക്കാർ അഭിഭാഷകനെ കോടതി വിമര്‍ശിച്ചത്. ചികിൽസ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്നും ശിക്ഷ മരവിപ്പിക്കുന്നതിന് പകരം ചികിത്സാ സമയത്ത് കുടുംബാംഗങ്ങളെ കൂടെ നിർത്തിയാൽ മതിയോ എന്നും കോടതി ചോദിച്ചു. ഹരജി ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി.