LiveTV

Live

Kerala

ശബരിമല സ്ത്രീ പ്രവേശനം; ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറും ഇന്ന് കൂടിക്കാഴ്ച നടത്തും

താനുമായി ആലോചിക്കാതെ നിലപാട് മാറ്റിയതിലെ അതൃപ്തി എ.പദ്മകുമാർ കമ്മീഷണറെ അറിയിക്കും. 

 ശബരിമല സ്ത്രീ പ്രവേശനം; ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറും ഇന്ന് കൂടിക്കാഴ്ച നടത്തും

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ നിലപാട് മാറ്റ വിവാദം കത്തി നിൽക്കെ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറും ഇന്ന് കൂടിക്കാഴ്ച നടത്തും. താനുമായി ആലോചിക്കാതെ നിലപാട് മാറ്റിയതിലെ അതൃപ്തി എ.പത്മകുമാർ കമ്മീഷണറെ അറിയിക്കും. നിലപാട് മാറ്റം സംബന്ധിച്ച് സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം ദേവസ്വം കമ്മീഷണർ കൂടിക്കാഴ്ചയിൽ വ്യക്തമാക്കും.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ഇതു വരെ അനുകൂലിക്കാതിരുന്ന ദേവസ്വം ബോർഡ് കഴിഞ്ഞ ദിവസം സുപ്രിം കോടതിയിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ചതോടെയാണ് തർക്കം രൂക്ഷമായത്. താൻ അറിയാതെ നിലപാട് മാറ്റിയതിന് പിന്നിൽ ദേവസ്വം കമ്മീഷണർ എൻ വാസു ഇടപെട്ടുവെന്നാണ് ദേവസ്വം പ്രസിഡന്റിന്റെ വിശ്വാസം. ഇക്കാര്യത്തിൽ തനിക്കുള്ള അതൃപ്തി ബോർഡ് പ്രസിഡന്റ് പരസ്യമായി വ്യക്തമാക്കിയ സാഹചര്യത്തിൽ ഇന്നത്തെ കൂടിക്കാഴ്ച നിർണ്ണായകമാണ്. തന്നോട് ആലോചിക്കാതെ നിലപാട് മാറ്റിയതിലും സാവകാശ ഹരജിയെ കുറിച്ച് പരാമർശിക്കാതിരുന്നതിലുള്ള അതൃപ്തി പ്രസിഡന്റ് കൂടിക്കാഴ്ചയിൽ വ്യക്തമാക്കും.

എന്നാൽ ഭരണഘടന ബഞ്ചിന്റെ വിധിക്ക് എതിരായ നിലപാട് സ്വീകരിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടായിരിക്കും കമ്മീഷണർ ചൂണ്ടിക്കാട്ടുന്നത്. നടയടച്ച സാഹചര്യത്തിൽ സാവകാശ ഹരജിയുടെ പ്രസക്തി നഷ്ടപ്പെട്ടത് കൊണ്ടാണ് അതേക്കുറിച്ച് കോടതിയുടെ ശ്രദ്ധ കൊണ്ട് വരാതിരുന്നതെന്ന ന്യായവാദവും എൻ.വാസു ഉന്നയിക്കും. അതേ സമയം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട് കാര്യങ്ങൾ വിശദീകരിച്ച സാഹചര്യത്തിൽ പാർട്ടി പിന്തുണ തനിക്കുണ്ടാകുമെന്ന വിശ്വാസത്തിലാണ് ദേവസ്വം കമ്മീഷണറും.