LiveTV

Live

Kerala

കോൺഗ്രസ്- ബി.ജെ.പി സഹകരണത്തെ തെര‍ഞ്ഞെടുപ്പ് പ്രചരണത്തിൽ ആയുധമാക്കാൻ സി.പി.എം

തിരുവനന്തപുരം,വയനാട് ജില്ലകളിലെ 3 പഞ്ചായത്തുകളിലാണ് ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫ് അവിശ്വാസ പ്രമേയം പാസായത്. 

കോൺഗ്രസ്- ബി.ജെ.പി സഹകരണത്തെ തെര‍ഞ്ഞെടുപ്പ് പ്രചരണത്തിൽ ആയുധമാക്കാൻ സി.പി.എം

തദ്ദേശ സ്ഥാപനങ്ങളിലെ കോൺഗ്രസ്- ബി.ജെ.പി സഹകരണത്തെ തെര‍ഞ്ഞെടുപ്പ് പ്രചരണത്തിൽ ആയുധമാക്കാൻ സി.പി.എം ഒരുങ്ങുന്നു. തിരുവനന്തപുരം,വയനാട് ജില്ലകളിലെ 3 പഞ്ചായത്തുകളിലാണ് ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫ് അവിശ്വാസ പ്രമേയം പാസായത്. ശബരിമല വിഷയത്തിന്റെ മറവില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും രാഷ്ട്രീയമായി യോജിച്ചതിന്റെ തെളിവാണ് സഖ്യമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

തിരുവനന്തപുരം മലയിന്‍കീഴ് പഞ്ചായത്തിലെ 20 അംഗ ഭരണസമിതിയിൽ സി.പി.എമ്മിനും കോൺഗ്രസിനും എട്ട് അംഗങ്ങൾ , ബി.ജെ.പിയ്ക്ക് രണ്ട‌്,ജെ.ഡി.യു, ലോക താന്ത്രിക് ജനതാദൾ എന്നിവർക്ക് ഒരോ അംഗങ്ങളും എന്നിങ്ങനെയായിരുന്നു കക്ഷി നില . ലോക താന്ത്രിക് ജനതാദൾ സി.പി.എമ്മിനൊപ്പവും ജെ.ഡി.യു കോൺഗ്രസിനൊപ്പവുമാണ് സഹകരിക്കുന്നത്. ലോക താന്ത്രിക് ജനതാദൾ അംഗം എസ്.ചന്ദ്രൻ നായരായിരുന്നു പഞ്ചായത്ത് പ്രസിഡന്റ‌്. ഇദ്ദേഹത്തിനെതിരെ യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം രണ്ട് ബി.ജെ.പി അംഗങ്ങളും പിന്തുണച്ചു. ഇതോടെ അവിശ്വാസ പ്രമേയം പാസായി സി.പി.എം ഭരണത്തില്‍ നിന്ന് പുറത്ത് പോയി. പിറ്റേദിവസം തന്നെ തിരുവനന്തപുരത്തെ കോട്ടുകാല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും യോജിച്ച് പ്രമേയം നല്‍കി സി.പി.എമ്മിന്റെ വൈസ് പ്രസിഡന്റിനെ പുറത്താക്കി.വയനാട് തരിയോട് പഞ്ചായത്തിലും സമാനമായി അവസ്ഥയാണ് ഉണ്ടായിരുന്നത്. അവിശ്വാസം കൊണ്ട് വന്നപ്പോള്‍ ബി.ജെ.പി പിന്തുണ യു.ഡി.എഫിന് ലഭിച്ചു. ഇതോടെ എല്‍.ഡി.എഫ് ഭരണം താഴെ വീണു. മൂന്ന് പഞ്ചായത്തുകളിലും ഭരണം നഷ്ടമായതിന് പിന്നാലെയാണ് സംസ്ഥാനത്ത് കോൺഗ്രസ്-ബി.ജെ.പി രഹസ്യ ധാരണയുണ്ടെന്ന ആരോപണവുമായി സി.പിഎം രംഗത്തെത്തിയത്.

ശബരിമല വിഷയത്തിന്റെ മറവില്‍ കോണ്‍ഗ്രസും ബി.ജെ.പിയും യോജിച്ചും അല്ലാതെയും നടത്തിയ സമരങ്ങള്‍ ഇരുപാര്‍ടികളേയും എവിടെ കൊണ്ടെത്തിച്ചുവെന്നതിന്റെ തെളിവുകളാണ് ഈ കൂട്ടുകെട്ടുകളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. അതേ സമയം ആരോപണം അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ കോൺഗ്രസ് നേതൃത്വം ബി.ജെ.പി പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി.