LiveTV

Live

Kerala

മാറാട് കലാപം: സര്‍ക്കാര്‍ രേഖകള്‍ നല്‍കുന്നില്ലെന്ന് സി.ബി.ഐ

സർക്കാരിന് ആവർത്തിച്ച് കത്തയച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍

മാറാട് കലാപം: സര്‍ക്കാര്‍ രേഖകള്‍ നല്‍കുന്നില്ലെന്ന് സി.ബി.ഐ

രണ്ടാം മാറാട് കേസില്‍ സര്‍ക്കാരിനെതിരെ സി.ബി.ഐ ഹൈക്കോടതിയില്‍. സർക്കാർ രേഖകൾ നൽകാത്തതിനാൽ കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാവുന്നില്ലെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചത്. ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി.

രണ്ടാം മാറാട് കലാപത്തിന് പിന്നിൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ട് വൻതോതിൽ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്ന് വ്യക്തമാക്കിയാണ് സംഭവം അന്വേഷിച്ച ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷൻ റിപ്പോർട്ട് നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊളക്കാടൻ മൂസഹാജി നൽകിയ ഹർജിയിൻമേലാണ് 2016 നവംബർ 10ന് ഹൈകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 2017 ജനുവരി 18ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഏറ്റെടുത്തെങ്കിലും കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൈമാറാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ലെന്നാണ് ഹരജിയിലെ ആരോപണം.

കേസുമായി ബന്ധപ്പെട്ട ചില പ്രധാന രേഖകൾ ആവശ്യപ്പെട്ട് 2017 ജൂൺ 15ന് സർക്കാരിന് കത്തയച്ചിരുന്നു. ഇതിൽ ആവശ്യപ്പെട്ടിരുന്ന 33 രേഖകൾ ആഗസ്ത് 10ന് തന്നു. ബാക്കി പിന്നെ തരാമെന്ന് അറിയിക്കുകയും ചെയ്തു. ഈ രേഖകൾ ലഭിക്കാതിരുന്നതിനെ തുടർന്ന് 2018 ഡിസംബർ13ന് വീണ്ടും കത്തയച്ചു. തുടർന്ന് 27ന് മറ്റ് 25 രേഖകൾ കൂടി സംസ്ഥാന ആഭ്യന്തര വകുപ്പ് കൈമാറി. എന്നിട്ടും ജുഡീഷ്യൽ കമ്മീഷൻ പരാമർശിച്ച ചില രേഖകൾ ലഭ്യമായിട്ടില്ലെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചത്.