LiveTV

Live

Kerala

248 കായികതാരങ്ങളെ സർക്കാർ സർവീസിൽ നിയമിക്കും

2010 മുതൽ 2014 വരെയുള്ള അഞ്ച് വർഷം കായികതാരങ്ങൾക്ക്‌ സംവരണം ചെയ്‌ത തസ്‌തികകൾ നികത്താനാണിത്‌.

 248 കായികതാരങ്ങളെ സർക്കാർ സർവീസിൽ നിയമിക്കും

സർക്കാർ സർവീസിൽ 248 കായികതാരങ്ങളെ നിയമിക്കുന്നതിനുള്ള റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചു. 2010 മുതൽ 2014 വരെയുള്ള അഞ്ച് വർഷം കായികതാരങ്ങൾക്ക്‌ സംവരണം ചെയ്‌ത തസ്‌തികകൾ നികത്താനാണിത്‌. രണ്ടു മാസത്തിനകം നിയമനം നൽകി തുടങ്ങും. കായിക താരങ്ങൾക്കുള്ള നിയമനം നിലച്ച വാര്‍ത്ത മീഡിയവണാണ് പുറത്തുവിട്ടത്.

മെയിൻ ലിസ്‌റ്റിലും റിസർവ്‌ ലിസ്‌റ്റിലുമായി 409 പേരടങ്ങുന്നതാണ്‌ റാങ്ക്‌ പട്ടിക. ഒരു വർഷം 50 നിയമനം എന്നതു പ്രകാരം അഞ്ച് വർഷത്തേക്ക്‌ 250 പേരെയാണ്‌ നിയമിക്കേണ്ടത്‌. ഇത് വർഷങ്ങളായി മുടങ്ങി കിടക്കുകയായിരുന്നു. ഒരു തസ്‌തികയിൽ ഇന്ത്യൻ ഹോക്കി ടീം നായകൻ പി.ആർ ശ്രീജേഷിന്‌ നേരത്തെ നിയമനം നൽകി. മറ്റൊരു തസ്‌തികയിലേക്കുള്ള നിയമനം ഹൈക്കോടതിയിൽ കേസ്‌ നിലനിൽക്കുന്നതിനാൽ മാറ്റിവെച്ചു.

ഓരോ വർഷത്തെയും പട്ടിക പ്രത്യേകമാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. വ്യക്തിഗതം, ടീമിനം എന്നിങ്ങനെ പട്ടികയിൽ വേർതിരിവുണ്ട്‌. വ്യക്തിഗത ഇനങ്ങളിൽ നിന്നുള്ള 25 പേർക്കും ടീമിനങ്ങളിൽ നിന്നുള്ള 25 പേർക്കുമാണ്‌ ഓരോ വർഷവും ജോലി നൽകുക. ചിലർ ഒന്നിലേറെ വർഷങ്ങളിലെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്‌. ഏതു ലിസ്‌റ്റിലാണോ ആദ്യം ഉൾപ്പെട്ടത്‌ എന്ന മുൻഗണനയിലാകും അവർക്ക്‌ നിയമനം നൽകുക.