ശബരിമല യുവതീ പ്രവേശനവിധി പുനപരിശോധിക്കേണ്ടതില്ല: സുപ്രീംകോടതിയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും
ആചാരങ്ങളില്‍ കോടതിക്ക് ഇടപെടാമെന്ന നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന് സ്വീകരിച്ചത്. മുന്‍ നിലപാട് മാറ്റി കോടതി വിധിയെ ദേവസ്വം ബോര്‍ഡും അംഗീകരിച്ചു.

ശബരിമല യുവതീ പ്രവേശന വിധി പുനപരിശോധിക്കുന്നതിനെ സര്‍ക്കാറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയില്‍ ശക്തമായി എതിര്‍ത്തു. ആചാരങ്ങളില്‍ കോടതിക്ക് ഇടപെടാമെന്ന് നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന് സ്വീകരിച്ചത്. മുന്‍ നിലപാട് മാറ്റി കോടതി വിധിയെ ദേവസ്വം ബോര്‍ഡും അംഗീകരിച്ചു.
സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട് അര്‍ഥശങ്കക്കിടയില്ലാത്ത വിധം ആവര്‍ത്തിച്ചുറപ്പിക്കുന്നതായിരുന്നു കോടതിയില്‍ കണ്ടത്. പുനപരിശോധനക്ക് അര്‍ഹമായ ഒന്നും എതിര്‍കക്ഷികളുടെ വാദത്തിലില്ലെന്നാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ ജയ്ദീപ്ഗുപ്ത വാദിച്ചത്.
തുല്യനീതിയാണ് ശബരിമല വിധിയുടെ അടിത്തറ. സ്ത്രീകളുടെ അവകാശമാണ് പ്രധാനം. അയ്യപ്പഭക്തര്‍ പ്രത്യേക മതവിഭാഗമാണെങ്കില്‍ മാത്രമേ യുവതി വിലക്ക് അനിവാര്യമായ ആചാരമാവുകയുള്ളൂ. ഭരണഘടനാധാര്മികതക്കും മൌലികാവകാശങ്ങള്‍ക്കും വിരുദ്ധമായ ആചാരങ്ങളില്‍ കോടതിക്ക് ഇടപെടാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ആചാരങ്ങള്‍ക്കൊപ്പം എന്ന നിലപാട് മാറ്റി കോടതിവിധിക്കൊപ്പമാണ് തങ്ങളെന്നും അത് പുനപരിശോധിക്കേണ്ടതില്ലെന്നുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചത്. ആര്‍ത്തവമില്ലാതെ മനുഷ്യകുലത്തിന് നിലനില്‍പ്പില്ല. എല്ലാവരും തുല്യരെന്നതാണ് മതത്തിന്റെ അടിസ്ഥാനം. ക്ഷേത്രാചാരങ്ങള്‍ ഭരണഘടനാ ധാര്‍മ്മികതക്ക് വിധേയമായിരിക്കണം. മാറ്റം എതിര്‍ക്കുന്നവര്‍പോലും പിന്നീട് പിന്തുണക്കുമെന്നും ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ രാകേഷ് ദ്വിവേദി കോടതിയെ അറിയിച്ചു.
സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാട് പുനപരിശോധന ഹരജിയില്‍ തീര്‍പ്പ് കല്പിക്കാനിരിക്കുന്ന കോടതി ബഞ്ചിനെ നിര്‍ണായകമായി സ്വാധീനിക്കും. മറുവശത്ത് ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റം യുവതിപ്രവേശത്തെ എതിര്‍ക്കുന്നവരുടെ കടുത്ത അതൃപ്തിക്ക് കാരണമായേക്കും.