LiveTV

Live

Kerala

തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി എന്‍.എസ്.എസ് നിലപാട്

ഇടതുമുന്നണിയെ എന്‍.എസ്.എസ് പിന്തുണയ്ക്കില്ല; എന്‍.എസ്.എസിനെ കൂടെ നിര്‍ത്താന്‍ ശ്രമിച്ച് എ‍ന്‍.ഡി.എയും യു.ഡി.എഫും

തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി  എന്‍.എസ്.എസ് നിലപാട്

സി.പി.എമ്മുമായുള്ള തര്‍ക്കം രൂക്ഷമായതോടെ എന്‍.എസ്.എസ് തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കും എന്നത് നിര്‍ണായകമാകും. ശബരിമല വിഷയത്തില്‍ ബി.ജെ.പിക്കൊപ്പം സമരം ചെയ്തെങ്കിലും പൂര്‍ണമായും എന്‍.എസ്.എസിനെ കൂടെ കൂട്ടാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. യു.ഡി.എഫും ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് ചരടുവലികള്‍ തുടങ്ങി കഴിഞ്ഞു.

മധ്യ കേരളത്തിലേയും തെക്കന്‍ കേരളത്തിലേയും മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനം എന്‍.എസ്.എസിന് ഉണ്ട്. അതുകൊണ്ടുതന്നെ മുന്‍ തെരഞ്ഞെടുപ്പുകളില്‍ എന്‍.എസ്.എസിനെ പിണക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായിരുന്നില്ല. ആരെയും പിണക്കാതെ സമദൂരം സ്വീകരിച്ച് എന്‍.എസ്.എസും നിലകൊണ്ടു.

എന്നാല്‍ ശബരിമല വിധി വന്നതോടെ സര്‍ക്കാരിനെതിരെ എന്‍.എസ്.എസ് ശക്തമായി രംഗത്ത് വന്നു. വിധി നടപ്പാക്കരുതെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും ഇടതുസര്‍ക്കാര്‍ ഇത് ചെവിക്കൊണ്ടില്ല. ഇതോടെ മുഖ്യമന്ത്രിയടക്കമുള്ള ഇടത് നേതാക്കളുമായി സുകുമാരന്‍ നായര്‍ പരസ്യ വാക്ക്പോരായി. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പില്‍ സമദൂരം സ്വീകരിക്കാന്‍ എന്‍.എസ്.എസ് തയ്യാറായേക്കില്ല. എന്നാല്‍ എസ്.എന്‍.ഡി.പി അടക്കമുള്ള മറ്റ് മത സാമുദായിക സംഘടനകളെ നവോത്ഥാനത്തിന്റെ പേരില്‍ കൂടെ നിര്‍ത്തിയ ഇടത് മുന്നണി എന്‍.എസ്.എസിലെ ഒരു വിഭാഗത്തെയും അടര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന കണക്ക് കൂട്ടലിലാണ്.

ശബരിമല വിഷയത്തില്‍ ഒന്നിച്ച് സമരം ചെയ്തതിനാല്‍ എന്‍.എസ്.എസ് പിന്തുണ ലഭിക്കുമെന്നാണ് ബി.ജെ.പിയുടേയും എന്‍.ഡി.എയുടേയും വിലയിരുത്തല്‍. ഇതിനായി ശക്തമായ ചരട് വലികളും നടത്തുന്നുണ്ട്. മുന്നാക്ക സംവരണം നടപ്പാക്കിയത് ഉയര്‍ത്തിക്കാട്ടി എന്‍.എസ്.എസിനെ കൂടെ നിര്‍ത്താനാണ് ഇവരുടെ ശ്രമം. പക്ഷേ ഇതിനെതിരെ എന്‍.എസ്.എസിനുള്ളില്‍ തന്നെ എതിര്‍പ്പ് ശക്തമാണ്.

Also read: ‘’എന്‍.എസ്.എസിനെ രാഷ്ട്രീയം പഠിപ്പാക്കാനോ ഉപദേശിക്കാനോ കോടിയേരി നോക്കേണ്ട’’: സുകുമാരന്‍ നായര്‍

Also read: എല്‍ഡിഎഫ് സര്‍ക്കാറിനെ പുകഴ്ത്തി സുകുമാരന്‍ നായര്‍

എല്ലാക്കാലത്തും യു.ഡി.എഫുമായി നല്ല ബന്ധം പുലര്‍ത്തുന്ന എന്‍.എസ്.എസ്, ഇത്തവണയും പിന്തുണയ്ക്കും എന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് പോലും എന്‍.എസ്.എസിന്റെ പ്രീതി പിടിച്ചുപറ്റാന്‍ വേണ്ടിയായിരുന്നുവെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ, വരും ദിവസങ്ങളിലും എന്‍.എസ്.എസുമായുള്ള നല്ല ബന്ധം നിലനിര്‍ത്തി മുന്നോട്ട് പോകാനാകും ഇവര്‍ ശ്രമിക്കുക. എന്തായാലും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും നിര്‍ണായക ശക്തിയായ എന്‍.എസ്.എസ് ഈ തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് കാത്തിരുന്ന് കാണണം