LiveTV

Live

Kerala

കായല്‍ കയ്യേറ്റ കേസ് വിധി പറയാനിരിക്കെ ഹരജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി: തോമസ് ചാണ്ടി പിഴയടക്കണമെന്ന് ഹൈക്കോടതി

കായല്‍ കയ്യേറ്റ കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതി പിഴയിട്ടു. കേസില്‍ കോടതിയുടെ സമയം പാഴാക്കിയതിനാണ് പിഴ. ഇരുപത്തി അയ്യായിരം രൂപയാണ് പിഴയായി അടക്കേണ്ടത്.

കായല്‍ കയ്യേറ്റ കേസ് വിധി പറയാനിരിക്കെ ഹരജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി: തോമസ് ചാണ്ടി പിഴയടക്കണമെന്ന് ഹൈക്കോടതി

കായല്‍ കയ്യേറ്റ കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതി പിഴയിട്ടു. കേസില്‍ കോടതിയുടെ സമയം പാഴാക്കിയതിനാണ് പിഴ. ഇരുപത്തി അയ്യായിരം രൂപയാണ് പിഴയായി അടക്കേണ്ടത്. കേസില്‍ വിധി പറയാനിരിക്കെ ഹരജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതിനാണ് പിഴ അടക്കേണ്ടത്. ലീഗൽ സർവീസ് അതോറ്ററിയിൽ 10 ദിവസത്തിനകം പിഴയടക്കാനാണ് കോടതി നിർദേശം.

ഫെബ്രുവരി നാലിന് വിധി പറയാനിരിക്കെയാണ് ഒന്നിന് ഹർജി പിൻവലിക്കാൻ അപേക്ഷ നൽകിയത്. വിധി അനുകൂലമാകില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തോമസ് ചാണ്ടി ഹരജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്.

Also read: വിധി അനൂകൂലമാകില്ലെന്ന് നിയമോപദേശം: തോമസ് ചാണ്ടി ഹരജികള്‍ പിന്‍വലിക്കുന്നു

നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം ലംഘിച്ച് ലേക്ക് പാലസ് റിസോർട്ടിലേക്ക് നിയമവിരുദ്ധമായി റോഡ് നിര്‍മിച്ചെന്ന പരാതിയിലെടുത്ത വിജിലൻസ് കേസിനെതിരെ ഡയറക്ടർ കൂടിയായ‍ തോമസ് ചാണ്ടി എം.എൽ.എ ഉൾപ്പെടെ നൽകിയ ഹരജികൾ പിൻവലിച്ചതിനാണ് ഹൈക്കോടതി പിഴ ചുമത്തിയത്. എഫ്.ഐ.ആർ ചോദ്യം ചെയ്ത് ഹർജിക്കാർക്ക് ഇനി കോടതിയെ സമീപിക്കാൻ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. മേലിൽ ഇത് ആവർത്തിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. കേസിൽ വാദം കേൾക്കാനും വിധി എഴുതാനുമായി ഒട്ടേറെ ദിവസങ്ങൾ പാഴാക്കി.

ഫെബ്രുവരി നാലിന് വിധി പറയാനിരിക്കെയാണ് ഹർജി പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും കോടതി കുറ്റപ്പെടുത്തി. ഹരജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയ ഏഴ് പേരും പിഴ അടക്കണം. പിഴ ചുമത്തിയതിനെത്തുടര്‍ന്ന് തോമസ് ചാണ്ടിയുടെ മക്കളായ ഡോ. ടോബി ചാണ്ടി, ബെറ്റി ചാണ്ടി, മാതാവ് മേരി ചാണ്ടി, തോമസ് മാത്യു തുടങ്ങിയവർ നൽകിയ ഏഴ് ഹരജികളും പിൻവലിച്ചു.

നെല്‍പാടം നികത്തി വലിയകുളം മുതല്‍ സീറോ ജെട്ടി വരെ റോഡ് നിര്‍മിച്ചെന്ന് ആരോപിച്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ തോമസ് ചാണ്ടിയും ആലപ്പുഴ മുന്‍ കലക്ടറും ഉള്‍പ്പെടെ 22 പേരാണ് പ്രതികള്‍. സുഭാഷ് തീക്കാടൻ എന്നയാൾ നല്‍കിയ പരാതിയില്‍ കോട്ടയം വിജിലൻസ് കോടതിയുടെ നിർദേശ പ്രകാരമാണ് വിജിലൻസ് കേസെടുത്തത്.