LiveTV

Live

Kerala

കനകദുര്‍ഗക്ക് ഭര്‍തൃവീട്ടില്‍ കയറാമെന്ന് കോടതി

കനകദുര്‍ഗ വീട്ടില്‍ കയറുന്നത് ആരും തടയരുതെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്‍ക്കാലം വില്‍ക്കരുതെന്നും കോടതി വ്യക്തമാക്കി.

കനകദുര്‍ഗക്ക് ഭര്‍തൃവീട്ടില്‍ കയറാമെന്ന് കോടതി

ശബരിമല ദര്‍ശനം നടത്തിയ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗക്ക് ഭര്‍തൃവീട്ടില്‍ കയറാമെന്ന് കോടതി. പെരിന്തൽമണ്ണ ഗ്രാമ ന്യായാലയ കോടതിയാണ് കനകദുര്‍ഗയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

കനകദുര്‍ഗ വീട്ടില്‍ കയറുന്നത് ആരും തടയരുതെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്‍ക്കാലം വില്‍ക്കരുതെന്നും കോടതി വ്യക്തമാക്കി. ശബരിമലയിൽ ദർശനം നടത്തിയ ശേഷം ഭർതൃവീട്ടിലും സ്വന്തം വീട്ടിലും പ്രവേശനം അനുവദിക്കാത്തതിനെതിരെ കനക ദുര്‍ഗ നല്‍കിയ ഹരജിയിലാണ് വിധി. കേസ് അടുത്ത മാസം 31 ന് വീണ്ടും പരിഗണിക്കും.

നേരത്തേ, ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചതായി ആരോപണമുണ്ടായിരുന്നു. ഭര്‍തൃമാതാവ് സുമതിയും ബന്ധുക്കളും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും കാണിച്ചാണ് കനകദുര്‍ഗ പരാതി നല്‍കിയത്. വീട്ടുകാരുടെ എതിര്‍പ്പ് കാരണം വനിതാ ഷെല്‍ട്ടറിലാണ് കനകദുര്‍ഗ കഴിയുന്നത്.

ഇക്കഴിഞ്ഞ ജനുവരി രണ്ടിനാണ് കനകദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയത്. ഇതിനു ശേഷം സംഘപരിവാരത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.