LiveTV

Live

Kerala

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതില്‍ തെല്ലും ഖേദമില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തു, പുസ്തകം പുറത്തിറക്കി, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു, സ്വന്തമായി കാര്‍ വാങ്ങി തുടങ്ങി ആരോപണങ്ങളുന്നയിച്ചാണ് സഭ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കത്ത്...

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതില്‍ തെല്ലും ഖേദമില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

സ്ത്രീപീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതില്‍ തെല്ലും ഖേദമില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. അച്ചടക്കലംഘനത്തിന് തന്നെ പുറത്താക്കുകയാണെങ്കില്‍ മറ്റ് പലരേയും പുറത്താക്കേണ്ടിവരും. സഭക്ക് നല്‍കിയ വിശദീകരണത്തിലാണ് സിസ്റ്റര്‍ ലൂസി നിലപാട് വ്യക്തമാക്കിയത്.

ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതിന് അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി സന്യാസ സഭ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് ‍ നോട്ടീസ് നല്‍കിയിരുന്നു. സഭയ്ക്ക് നല്‍കിയ വിശദീകരണത്തിലാണ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതില്‍ തെല്ലും ഖേദമില്ലെന്ന നിലപാട് അവര്‍ വ്യക്തമാക്കിയത്. നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടതെങ്കിലും, കത്ത് മുഖേനയാണ് സിസ്റ്റര്‍ വിശദീകരണം നല്‍കിയത്.

Also read: ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസിയെ വിമര്‍ശിച്ച് ദീപികയില്‍ ലേഖനം

Also read: സഭയിലെ പുഴുക്കുത്തുകള്‍ക്കെതിരെ സിസ്റ്റര്‍ ലൂസി 

ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തു, പുസ്തകം പുറത്തിറക്കി, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു, സ്വന്തമായി കാര്‍ വാങ്ങി തുടങ്ങി ആരോപണങ്ങളുന്നയിച്ചാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് സഭ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കത്ത് നല്‍കിയത്.

ഫ്രാങ്കോക്കെതിരെ സമരം ചെയ്തത് തെറ്റായെന്ന് തോന്നുന്നില്ല, സഭ ഇരയാക്കപ്പെട്ട കന്യാസ്ത്രീക്കൊപ്പം നില്‍ക്കണമായിരുന്നു, അച്ചടക്കലംഘനത്തിന് തന്നെ പുറത്താക്കുകയാണെങ്കില്‍ മറ്റ് പലരേയും പുറത്താക്കേണ്ടിവരും, ദൈവത്തെ പ്രകീര്‍ത്തിക്കുന്ന പുസ്തകരചന തെറ്റായി കരുതുന്നില്ല, ചാനല്‍ ചര്‍ച്ചകളില്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. സുപ്പീരിയറിന്റെ അനുമതിയോടെയാണ് സാധാരണവേഷം ധരിച്ചത് ഇങ്ങനെ പോകുന്നു ലൂസി കളപ്പുരക്കലിന്റെ വിശദീകരണക്കുറിപ്പ്.

ഈ വിശദീകരണങ്ങള്‍ ഉള്‍ക്കൊണ്ട് തനിക്കെതിരായ സഭ നടപടികള്‍ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സിസ്റ്റര്‍ കത്തവസാനിപ്പിക്കുന്നത്.