ക്രിസ്ത്യൻ-മുസ്ലിം സംഘടനകളെയും ഉൾപ്പെടുത്തി നവോത്ഥാന മൂല്യസംരക്ഷണ സമിതി വിപുലീകരിച്ചു
സമിതിയുടെ രൂപീകരണ വേളയിൽ ഹിന്ദു സംഘടനകളെ മാത്രം ഉൾപ്പെടുത്തിയത് വിമർശിക്കപ്പെട്ടിരുന്നു.
ക്രിസ്ത്യൻ മുസ്ലിം സംഘടനകളെ കൂടി ഉൾപ്പെടുത്തി നവോത്ഥാന മൂല്യസംരക്ഷണ സമിതി വിപുലീകരിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാന വ്യാപകമായി കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
ശബരിമല സ്ത്രീപ്രവേശനം സർക്കാരിനെതിരായ ആയുധമാക്കിയ സംഘപരിവാറിന്റെ രാഷ്ട്രീയനീക്കം തടയാനാണ് സർക്കാർ നവോത്ഥാന മൂല്യ സംരക്ഷണസമിതി രൂപീകരിച്ചത്. സംഘ്പരിവാര്‍ അനുകൂല സംഘടനകളും ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരുമെല്ലാം സമിതിയില്‍ അംഗമായി. ഇത് വിമര്‍ശന വിധേയമായതോടെയാണ് ക്രിസ്ത്യൻ, മുസ്ലിം സംഘടനകളെ കൂടി ഉൾപ്പെടുത്തി സമിതി വിപുലീകരിച്ചത്.
ഈ മാസം 11 ന് നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ സെക്രട്ടേറിയറ്റും പിന്നീട് ജില്ലാ സമിതികളും രൂപീകരിക്കും. മാർച്ച് 10 മുതൽ 15 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.
ഹുസൈന് മടവൂര്‍, കുഞ്ഞി മുഹമ്മദ് പറപ്പൂര്, ഡോ, എം അഹമ്മദ് കുട്ടി മദനി, ഡോ. ഫസല്‍ ഗഫൂര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൌലവി, ഒ അബ്ദുറഹ്മാന്, അബ്ദുല്‍ ഹക്കീം ഫൈസി, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, വികാരി ജനറൽ യൂജിൻ പെരേര, ബിഷപ്പ് ധർമ്മരാജ് റസാലം തുടങ്ങിയവര്‍ പങ്കെടുത്തു.