LiveTV

Live

Kerala

ബന്ധു നിയമന വിവാദം; ഡപ്യൂട്ടി ഡയറക്ടര്‍ നിയമനം ക്രമക്കേടാണെന്ന് കാട്ടി ജെയിംസ് മാത്യു നല്‍കിയ പരാതി പുറത്ത്

മന്ത്രി എ.സി മൊയ്തീന്റെ ഓഫീസില്‍ നിന്ന് ലഭിച്ചതാണെന്ന അവകാശവാദവുമായി പി.കെ ഫിറോസാണ് ജെയിംസ് മാത്യുവിന്റെ പരാതി പുറത്ത് വിട്ടത്. 

 ബന്ധു നിയമന വിവാദം; ഡപ്യൂട്ടി ഡയറക്ടര്‍ നിയമനം ക്രമക്കേടാണെന്ന് കാട്ടി ജെയിംസ് മാത്യു നല്‍കിയ പരാതി പുറത്ത്

സര്‍ക്കാരിനെ വെട്ടിലാക്കിയ ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ബന്ധു നിയമന വിവാദത്തില്‍ വഴിത്തിരിവ്. ഡപ്യൂട്ടി ഡയറക്ടര്‍ നിയമനം ക്രമക്കേടാണെന്ന് കാട്ടി സി.പി.എം എം.എല്‍.എ ജെയിംസ് മാത്യു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് നല്‍കിയ പരാതി പുറത്ത്. സി.പി.എം നേതാവായ കൊലിയകോട് കൃഷ്ണന്‍ നായരുടെ ബന്ധു ടി.എസ് നീലകണ്ഠനെയാണ് ഡപ്യൂട്ടി ഡയറക്ടറായി നിയമിച്ചത്. ഇത് ഉയര്‍ത്തി മന്ത്രി കെ.ടി ജലീല്‍ കോടിയേരി ബാലകൃഷ്ണനെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന് നേരത്തെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചിരുന്നു.

മന്ത്രി എ.സി മൊയ്തീന്റെ ഓഫീസില്‍ നിന്ന് ലഭിച്ചതാണെന്ന അവകാശ വാദവുമായി പി.കെ ഫിറോസാണ് ജെയിംസ് മാത്യുവിന്റെ പരാതി പുറത്ത് വിട്ടത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നിയമനം നടന്നത് റീ സ്ട്രക്ച്ചറിംഗ് റിപ്പോര്‍ട്ടിന് വിരുദ്ധമാണെന്നാണ് ജെയിംസ് മാത്യുവിന്റെ പ്രധാന പരാതി. വന്‍തുക നല്‍കി ദീര്‍ഘകാല നിയമനം നല്‍കി. റി സ്ട്രിക്ച്ചറിങ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുന്നതിന് മുമ്പെ നിയമനം നടത്തിയതായും പരാതിയില്‍ പറയുന്നു. സി.പി.എം നേതാവിന്റെ ബന്ധുവിന്റെ നിയമനം ക്രമവിരുദ്ധമാണെന്ന് സി.പി.എം എം.എല്‍.എ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതായുള്ള രേഖകള്‍ ബന്ധു നിയമന ആരോപണങ്ങളെ കൂടുതല്‍ ശരി വയ്ക്കുന്നതാണെന്ന് ഫിറോസ് ആരോപിച്ചു.

അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് മന്ത്രി പരാതിയിന്‍മേല്‍ അഭിപ്രായവും തേടിയിട്ടുണ്ട്. അതിനിടെ ടി.എസ് നീലകണ്ഠന് ഇന്‍ക്രിമന്റ് നല്‍കിയ നടപടി തിരുത്തി വേതന വര്‍ദ്ധനവ് എന്നാക്കാന്‍ തീരുമാനിച്ചതായി വ്യക്തമാക്കുന്ന രേഖയും പുറത്ത് വന്നു.