LiveTV

Live

Kerala

രക്ഷാപ്രവര്‍ത്തനത്തിന് ചെലവായ വകയില്‍ കേരളത്തിന് വ്യോമസേനയുടെ 102 കോടി രൂപയുടെ ബില്‍

ആയിരത്തിലധികം പറക്കലിലൂടെ 4371 പേരെ രക്ഷപ്പെടുത്തിയതിനും 1597 ടണ്‍ സാധന സാമഗ്രികള്‍ എത്തിച്ചതിനുമാണ് ഈ ചെലവ്.

രക്ഷാപ്രവര്‍ത്തനത്തിന് ചെലവായ വകയില്‍ കേരളത്തിന് വ്യോമസേനയുടെ 102 കോടി രൂപയുടെ ബില്‍

പ്രളയകാല രക്ഷാപ്രവര്‍ത്തനത്തിന് വിലയിട്ട് വ്യോമസേന. രക്ഷാപ്രവര്‍ത്തനത്തിന് ചെലവായ വകയില്‍ കേരളത്തിന് വ്യോമസേനയുടെ 102 കോടി രൂപയുടെ ബില്‍. കര-നാവിക സേനകളും വെവ്വേറെ ബില്ലുകള്‍ തയ്യാറാക്കുകയാണെന്ന് കേന്ദ്രപ്രതിരോധ സഹമന്ത്രി രാജ്യസഭയില്‍ അറിയിച്ചു. കേരളത്തിനുള്ള കേന്ദ്ര ധസഹായത്തില്‍ നിന്ന് ഈ തുക കുറയ്ക്കുമെന്നാണ് സൂചന.

കേരളത്തിലെ പ്രളയകാല രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനക്ക് ചെലവായത് 102.6 കോടി രൂപ. ആയിരത്തിലധികം പറക്കലിലൂടെ 4371 പേരെ രക്ഷപ്പെടുത്തിയതിനും 1597 ടണ്‍ സാധന സാമഗ്രികള്‍ എത്തിച്ചതിനുമാണ് ഈ ചെലവ്. കര-നാവിക സേനകളുടെ ബില്ലുകള്‍ തയ്യാറായി വരികയാണെന്നും പ്രതിരോധ സഹമന്ത്രി സുഭാഷ് ബാംറെ രാജ്യസഭയെ രേഖാമൂലം അറിയിച്ചു. വിശദമായ ബില്ലില്‍ സൂക്ഷ്മ പരിശോധനക്ക് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പണമടയ്ക്കുന്നതാണ് ചട്ടം. പണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കുമെങ്കിലും ഫലത്തില്‍ കേരളത്തിനുള്ള ധനസഹായ വിഹിതത്തിലാണ് കുറയുക.

പ്രളയ ധനസഹായമായി കേരളത്തിന് ആകെ പ്രഖ്യാപിച്ചത് 3200 കോടി രൂപ. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ പ്രഖ്യാപിച്ച 600 കോടി അടിയന്തര ധനസഹായവും ഉള്‍പ്പെടുത്തിയാണ് ഈ തുക. ഇതില്‍ നിന്ന് അധികമായി അനുവദിച്ച അരി വിഹിതത്തിന്റെ പേരില്‍ 232 കോടി രൂപയും കുറവുചെയ്തിരുന്നു. കര-നാവിക സേനകളുടെ ബില്ലുകളും കൂടി ധനസഹായ വിഹിതത്തില്‍ നിന്ന് കുറവുചെയ്യുന്നത് കേരളത്തിന് തിരിച്ചടിയാകും.