LiveTV

Live

Kerala

‘’പ്രദേശവാസികളുടെ സഹായത്തോടെ നടക്കുന്ന കരിമണൽ കള്ളക്കടത്ത് അവസാനിപ്പിച്ചാൽ ആലപ്പാട്ടെ സമരവും അവസാനിക്കും’’

സമരത്തിന് പിന്നിൽ ബാഹ്യശക്തികളാണെന്ന നിലപാട് വ്യവസായ മന്ത്രി നിയമസഭയിൽ ആവർത്തിച്ചു.

 ‘’പ്രദേശവാസികളുടെ സഹായത്തോടെ നടക്കുന്ന കരിമണൽ കള്ളക്കടത്ത് അവസാനിപ്പിച്ചാൽ ആലപ്പാട്ടെ സമരവും അവസാനിക്കും’’

പ്രദേശവാസികളുടെ സഹായത്തോടെ നടക്കുന്ന കരിമണൽ കള്ളക്കടത്ത് അവസാനിപ്പിച്ചാൽ ആലപ്പാട്ടെ സമരവും അവസാനിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. സമരത്തിന് പിന്നിൽ ബാഹ്യശക്തികളാണെന്ന നിലപാട് വ്യവസായ മന്ത്രി നിയമസഭയിൽ ആവർത്തിച്ചു. കരിമണൽ ഖനനത്തിനെതിരല്ലെന്നും പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷം വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

3600 കുടുംബങ്ങളുടെ 180 ഹെക്ടർ സ്ഥലം അവരോട് ചോദിക്കുക പോലും ചെയ്യാതെ ഏറ്റെടുത്തുവെന്ന് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.ടി തോമസ് ആരോപിച്ചു.മുഖ്യമന്ത്രിക്ക് കഴിയുമെങ്കിൽ ആലപ്പാട് പഞ്ചായത്തിൽ ഒരു മിനിട്ടെങ്കിലും പോകണമെന്നും ദുർവാശി കളഞ്ഞ് വ്യവസായ മന്ത്രി സ്ഥലം സന്ദർശിക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.

കാലാവസ്ഥ വ്യതിയാനവും സുനാമിയും മൂലമാണ് തീര ശോഷണം ഉണ്ടായതെന്ന നിലപാട് വ്യവസായ മന്ത്രി ആവർത്തിച്ചു. ഖനനം പൂർണ്ണമായും നിർത്തണമെന്ന് പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറഞ്ഞിട്ടില്ലെന്നും സംസ്ഥാന താത്പര്യത്തിനെതിരായ സമരമാണ് നടക്കുന്നതെന്നും വ്യവസായ മന്ത്രി പറഞ്ഞു. സമരത്തെ നിസ്സാരവത്കരിക്കുന്ന സർക്കാർ സമരക്കാരെ അപമാനിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഒരു കാരണവശാലും ഖനനം പൂർണ്ണമായും അവസാനിപ്പിക്കില്ലെന്ന നിലപാടാണ് സർക്കാർ സഭയിൽ സ്വീകരിച്ചത്.