LiveTV

Live

Kerala

യുവതീ പ്രവേശനം; ശുദ്ധിക്രിയ നടത്തുന്ന കാര്യം തന്ത്രി അറിയിച്ചിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശുദ്ധിക്രിയയുടെ കാര്യം ഫോണിലൂടെയാണ് തന്ത്രി അറിയിച്ചത്. 

 യുവതീ പ്രവേശനം; ശുദ്ധിക്രിയ നടത്തുന്ന കാര്യം തന്ത്രി അറിയിച്ചിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

യുവതീ പ്രവേശനത്തിന് പിന്നാലെ നട അടച്ച് ശുദ്ധിക്രിയ നടത്തുന്ന കാര്യം തന്ത്രി അറിയിച്ചിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ശുദ്ധിക്രിയയുടെ കാര്യം ഫോണിലൂടെയാണ് തന്ത്രി അറിയിച്ചത്. പക്ഷേ ദേവസ്വം ബോർഡിന്റെ അനുമതി വാങ്ങിയിരുന്നില്ല. തന്ത്രിയുടെ വിശദീകരണം ലഭിക്കാത്തതിനാല്‍ ബോര്‍ഡ് വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി ചോദ്യം ചെയ്ത് ദേവസ്വം ബോര്‍ഡ് വിശദീകരണം ചോദിച്ചിരുന്നു. തന്ത്രി കണ്ഠരര് രാജീവര്‍ മറുപടി നല്‍കിയതിന് ശേഷം ആദ്യമായാണ് ഇന്ന് ബോര്‍ഡ് യോഗം ചേരുന്നത്. എന്നാല്‍ തന്ത്രിയുടെ വിശദീരകണ കത്ത് കിട്ടിയില്ലെന്നും കത്ത് കിട്ടയതിന് ശേഷം ബോര്‍ഡ് വിഷയം ചര്‍ച്ച ചെയ്യുമെന്നും പത്മകുമാര്‍ പറഞ്ഞു.

യുവതീ പ്രവേശനത്തെ തുടര്‍ന്നല്ല ശുദ്ധിക്രിയ നടത്തിയതെന്നായിരുന്നു തന്ത്രി നല്‍കി മറുപടി. വിഗ്രഹത്തിന്റെ ദേവചൈതന്യം കുറഞ്ഞത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ശുദ്ധിക്രിയ നടത്തിയതെന്നും മറുപടിയില്‍ പറയുന്നു. എന്നാല്‍ ഫോണിലൂടെയാണ് കാര്യം അറിയിച്ചതെന്ന് പത്മകുമാര്‍ പറഞ്ഞു. സംസ്ഥാന ബജറ്റില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രഖ്യാപിച്ച 700 കോടിയോളം രൂപ ചെലവഴിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് യോഗത്തിലുണ്ടാകുകയെന്നും പത്മകുമാര്‍ വ്യക്തമാക്കി.