LiveTV

Live

Kerala

‘ഇന്ത്യന്‍ യുവത ജയിലുകളിലാണ്’; സകരിയയോടുള്ള നീതി നിഷേധത്തിന് ട്വിറ്ററിലൂടെ പ്രതിഷേധ കാമ്പെയിന്‍

‘ഇന്ത്യന്‍ യുവത ജയിലുകളിലാണ്’; സകരിയയോടുള്ള നീതി നിഷേധത്തിന് ട്വിറ്ററിലൂടെ പ്രതിഷേധ കാമ്പെയിന്‍

പത്ത് വര്‍ഷത്തോളം വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സകരിയയോടുള്ള നീതി നിഷേധത്തിന് ട്വിറ്ററിലൂടെ പ്രതിഷേധ കാമ്പെയിന്‍. ഇന്ന് രാത്രി ഒമ്പത് മണി മുതല്‍ പത്ത് മണി വരെയാണ് ട്വിറ്ററിലൂടെ പ്രതിഷേധ കാമ്പെയിന്‍ സംഘടിപ്പിക്കുന്നത്. ‘നീതി നിഷേധത്തിന്റെ പത്ത് വര്‍ഷം, സകരിയക്ക് വേണ്ടി ശബ്ദമുയര്‍ത്തുക’ എന്ന മുദ്രാവാക്യത്തോടെയാണ് കാമ്പെയിന്‍ സംഘടിപ്പിക്കുന്നത്. സകരിയയോടുള്ള തുടര്‍ച്ചയായ നീതി നിഷേധം ഇന്ന് ഒരു മണിക്കൂറില്‍ വിവിധ ടാഗുകളോടെ ട്വിറ്ററിലൂടെ അവതരിപ്പിച്ച് പൊതു ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ് കാമ്പെയിനിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ സകരിയയെ പോലെയുള്ള നിരവധി യുവാക്കളാണ് വിചാരണ കാത്ത് ജയിലില്‍ കഴിയുന്നത്. ഇത് പോലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ യുവതയുടെ നീതി നിഷേധം കൂടിയാണ് ഇന്നത്തെ ട്വിറ്റര്‍ പ്രതിഷേധത്തിലൂടെ ജനശ്രദ്ധയിലേക്ക് കൊണ്ട് വരുന്നത്.

ബെംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ടാണ് 2009 ഫെബ്രുവരി അഞ്ചിന് സകരിയയെ കര്‍ണാടക പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുന്നത്. തിരൂരിലെ മൊബൈല്‍ കടയില്‍ ജോലി ചെയ്തിരുന്ന സകരിയ സ്ഫോടനത്തിന് ആവശ്യമായ ചിപ്പ് നിര്‍മ്മിക്കാന്‍ സഹായിച്ചെന്ന ‘വ്യാജ’ കുറ്റം ചുമത്തിയാണ് കര്‍ണാടക പൊലീസ് ആദ്യം കസ്റ്റഡിയിലെടുക്കുന്നത്. 2009 ഫെബ്രുവരി അഞ്ചിന് വൈകുന്നേരം ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കാമെന്ന ഉറപ്പിലായിരുന്നു പൊലീസ് സകരിയയെ കസ്റ്റഡിയിലെടുക്കുന്നത്. പക്ഷെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് വിളിച്ച കര്‍ണാടക പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതായ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.

‘ഇന്ത്യന്‍ യുവത ജയിലുകളിലാണ്’; സകരിയയോടുള്ള നീതി നിഷേധത്തിന് ട്വിറ്ററിലൂടെ പ്രതിഷേധ കാമ്പെയിന്‍

ഇന്ന് പത്താണ്ട് പിന്നിട്ടിട്ടും ചെയ്ത കുറ്റമെന്താണെന്ന് 25 കാരനായ സകരിയക്കറിയില്ല. സകരിയ നേരത്തേ ജോലി ചെയ്ത തിരൂരിലെ ഇലക്ട്രോണിക് കടയില്‍ വെച്ച് ബോംബ് സ്ഫോടനത്തിന് സഹായകരമായ ചിപ്പ് നിര്‍മിച്ചെന്ന കണ്ടെത്തലിന് ബലമേകാനാണ് കേസില്‍ ഒമ്പതാം പ്രതിയായി സകരിയക്കെതിരെ എന്‍.ഐ.എ സംഘം കുറ്റം ചുമത്തുന്നത്. പതിനെട്ടാം വയസ്സില്‍ കുറ്റമെന്തെന്നറിയാതെ അഴിക്കുള്ളിലായ സകരിയ പൊലീസ്- കോടതി നീതി നിഷേധത്തിന്റെ ജീവിക്കുന്ന ഉദാഹരണമായി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണിപ്പോഴും. പത്ത് വര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍ സകരിയക്ക് ഒരുവട്ടം  മാത്രമാണ് ജാമ്യം ലഭിച്ചത്, അതും രണ്ട് ദിവസത്തേക്ക്. ജ്യേഷ്ഠന്‍ മുഹമ്മദിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് സകരിയക്ക് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. പിന്നീട് കഴിഞ്ഞ വർഷം സകരിയ വീണ്ടും രണ്ടു ദിവസത്തേക്ക് ജാമ്യത്തിൽ വന്നത് സഹോദരന്റെ മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കാനായിരുന്നു.