LiveTV

Live

Kerala

കെ.എസ്.ആര്‍.ടി.സി ഒഴിവുകള്‍ പി.എസ്.സി വഴി നികത്തണമെന്ന് ഹൈക്കോടതി

ജോലിയില്‍ തിരിച്ചെടുക്കണമെന്ന എംപാനലുകാരുടെ ആവശ്യം നിരസിച്ച കോടതി, ഇവര്‍ക്ക് കെ.എസ്.ആര്‍.ടി.സി വ്യാജപ്രതീക്ഷ നൽകിയെന്നും വിമര്‍ശിച്ചു.

കെ.എസ്.ആര്‍.ടി.സി ഒഴിവുകള്‍ പി.എസ്.സി വഴി നികത്തണമെന്ന് ഹൈക്കോടതി

കെ.എസ്.ആർ.ടി.സിയിലെ ഒഴിവുകള്‍ പി.എസ്.സി നികത്തണമെന്ന് ഹൈക്കോടതി. റിസർവ് കണ്ടക്ടർ തസ്തികയിൽ എംപാനലുകാരെ ഒഴിവാക്കി പി.എസ്.സി അഡ്വൈസ് മെമ്മോ ലഭിച്ചവരെ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു. ജോലിയില്‍ തിരിച്ചെടുക്കണമെന്ന എംപാനലുകാരുടെ ആവശ്യം നിരസിച്ച കോടതി, ഇവര്‍ക്ക് കെ.എസ്.ആര്‍.ടി.സി വ്യാജപ്രതീക്ഷ നൽകിയെന്നും വിമര്‍ശിച്ചു.

റാങ്ക് ലിസ്റ്റിലുള്ളവരെ കണ്ടക്ടർമാരായി നിയമിക്കണമെന്ന ആവശ്യം തള്ളിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ പി.എസ്.സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ച പാലക്കാട് സ്വദേശി ആന്റണി സ്റ്റെജോ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീലുകൾ അനുവദിച്ചാണ് ഡിവിഷൻ ബെഞ്ച് വിധി. പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് കേസിലെ വിധി കെ.എസ്.ആർ.ടി.സിക്ക് ബാധകമാണെന്നും കോടതി വ്യക്തമാക്കി. ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന എംപാനൽ കണ്ടക്ടർമാരുടെ ആവശ്യം കോടതി അനുവദിച്ചില്ല.

നിയമപരമായ അവകാശങ്ങള്‍ സ്ഥാപിച്ച് കിട്ടാന്‍ എംപാനലുകാര്‍ക്ക് ലേബർ കോടതിയെയോ ഇൻഡസ്ട്രിയൽ ട്രിബ്യൂണലിനെയോ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. എംപാനലുകാർക്ക് തെറ്റായ പ്രതീക്ഷ നല്‍കിയതിനെ കോടതി വിമര്‍ശിച്ചു. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യാൻ എംപാനൽ ജീവനക്കാരെ ആരും നിര്‍ബന്ധിച്ചിരുന്നില്ല. ഒഴിവുകളെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ കെ.എസ്.ആർ.ടി.സി തയ്യാറായില്ല. അടിയന്തര ഘട്ടങ്ങളിൽ നിയമിക്കുന്ന താൽക്കാലിക ജീവനക്കാരുടെ സർവീസ് 180 ദിവസത്തിൽ കൂടരുതെന്നാണ് സർവീസ് ചട്ടങ്ങൾ പറയുന്നത്. കെ.എസ്.ആർ.ടി.സിയിലെ ഒഴിവുകൾ യഥാസമയം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം. നിയമനത്തിൽ തർക്കങ്ങൾ ഉണ്ടായാൽ മാത്രമേ സർക്കാർ ഇടപെടേണ്ടതുള്ളൂവെന്നും കോടതി വ്യക്തമാക്കി.