LiveTV

Live

Kerala

മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിന് നൽകുന്ന പ്രാധാന്യം കോഴിക്കോട് വിമാനത്താവളത്തിന് നൽകുന്നില്ലെന്ന് പ്രതിപക്ഷം

അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിന് നൽകുന്ന പ്രാധാന്യം കോഴിക്കോട് വിമാനത്താവളത്തിന് നൽകുന്നില്ലെന്ന് പ്രതിപക്ഷം

കണ്ണൂർ വിമാനത്താവളത്തിന് നൽകുന്ന പ്രാധാന്യം കോഴിക്കോട് വിമാനത്താവളത്തിന് മുഖ്യമന്ത്രി നൽകുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. വിമാനത്തിന്റെ ഇന്ധന നികുതി അഞ്ച് ശതമാനമാക്കി കുറയ്ക്കാൻ 2017ൽ എടുത്ത മന്ത്രിസഭാ തീരുമാനം നടപ്പാക്കണമെന്ന് എം.കെ മുനീർ ആവശ്യപ്പെട്ടു. കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാക്കാൻ അമിത താത്പര്യം എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

കരിപ്പൂർ വിമാനത്താവളത്തോട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് എം.കെ മുനീറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വിമാനത്തിന്റെ ഇന്ധന നികുതി 29 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി കുറയ്ക്കാൻ 2017 സെപ്തംബർ 27ന് ചേർന്ന മന്ത്രിസഭ തീരുമാനമെടുത്തിട്ടും അത് നടപ്പായില്ലെന്ന് മുനീർ ആരോപിച്ചു. കണ്ണൂർ വിമാനത്താവളത്തിലെ ഇന്ധന നികുതി ഒരു ശതമാനമാക്കി കുറയ്ക്കാൻ മുൻകൈ എടുത്ത മുഖ്യമന്ത്രി കോഴിക്കോടിനെ അവഗണിക്കുകയാണെന്നും മുനീർ കുറ്റപ്പെടുത്തി.

പ്രതിപക്ഷ ആരോപണങ്ങൾക്ക് രോഷാകുലനായിട്ടാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. വിമാനത്താവള വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിൽ എതിര് നിന്നത് ആരാണെന്നും ഉഡാൻ പദ്ധതിയിൽ ഉൾപ്പെട്ടത് കൊണ്ടാണ് കണ്ണൂർ വിമാനത്താവളത്തിലെ ഇന്ധന നികുതി ഒരു ശതമാനമാക്കി കുറച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ധന നികുതി ഒരു ശതമാനമാക്കിയ നടപടി മറ്റ് മൂന്ന് വിമാനത്താവളത്തിലും കൊണ്ടുവന്നാൽ എല്ലാ വിമാനത്താവളങ്ങളും വികസിക്കുമെന്നും സ്ഥലമേറ്റെടുപ്പിന് എല്ലാ സഹായവും യു.ഡി.എഫ് ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.