LiveTV

Live

Kerala

സിമന്റ് വിതരണക്കാരും നിര്‍മ്മാണ കരാറുകാരും സമരത്തിലേക്ക്

സിമന്റിന് വിലകുറക്കുന്നത് വരെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് പ്രക്ഷോഭം നടത്താനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം. 

സിമന്റ് വിതരണക്കാരും നിര്‍മ്മാണ കരാറുകാരും സമരത്തിലേക്ക്

സംസ്ഥാനത്ത് സിമന്റിന് വില വര്‍ദ്ധിപ്പിച്ചതിനെതിരെ വിതരണക്കാരും നിര്‍മ്മാണ കരാറുകാരും സമരത്തിനൊരുങ്ങുന്നു. സിമന്റിന് വിലകുറക്കുന്നത് വരെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് പ്രക്ഷോഭം നടത്താനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം. നിര്‍മ്മാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ സംസ്ഥാന തലത്തില്‍ സംവിധാനമൊരുക്കണമെന്നാണ് സമര സമിതിയുടെ ആവശ്യം.

സംസ്ഥാനത്ത് സിമന്റ് വില വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് സിമിന്റ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മുന്‍ കൈയെടുത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നിര്‍മ്മാണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് കൂട്ടായ്മകളുടെയും യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു. നിര്‍മ്മാണ മേഖലയെ തളര്‍ത്തുന്ന തരത്തിലാണ് സിമന്റിന്റെ വില വര്‍ദ്ധനവെന്ന് യോഗം വിലയിരുത്തി. ഇത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.

രാജ്യത്തെ പ്രമുഖ കമ്പനികളുടെ സിമന്റിന് അയല്‍ സംസ്ഥാനങ്ങളേക്കാള്‍ 100 രൂപ അധികം വില ഈടാക്കിയാണ് സംസ്ഥാനത്ത് വില്‍ക്കുന്നത്. ഈ മാസം 1ന് സിമന്റ് ചാക്കിന് 50 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് 50 കിലോഗ്രാം വരുന്ന ഒരു ചാക്ക് സിമന്റിന് 400 രൂപയിലേറെയാണ് വില. ഈ മാസം തന്നെ ഇനിയും വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. അതിന് പുറമേ ബജറ്റിന് ശേഷമുള്ള വര്‍ദ്ധനവ് കൂടി ചേരുമ്പോള്‍ സിമിന്റ് വില വീണ്ടും ഉയരും.