LiveTV

Live

Kerala

ശബരിമല പ്രശ്‌നം വോട്ടാക്കാനുറച്ച് ബി.ജെ.പി; യോഗി ആദിത്യനാഥ് വരും

മാസ പൂജക്കായി നടതുറക്കുന്ന ഈ മാസം പതിമൂന്നിന് ജില്ലാ കേന്ദ്രങ്ങളില്‍ ഉപവാസം നടത്താനാണ് ബി.ജെ.പി തീരുമാനം. തൊട്ടടുത്ത ദിവസമാണ് യു.പി മുഖ്യമന്ത്രി എത്തുന്നത്

ശബരിമല പ്രശ്‌നം വോട്ടാക്കാനുറച്ച് ബി.ജെ.പി; യോഗി ആദിത്യനാഥ് വരും

ശബരിമല യുവതി പ്രവേശനം വോട്ടാക്കാനുറച്ച് ബി.ജെ.പി. ദേശീയനേതാക്കളെ രംഗത്തിറക്കി പൊതു തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാനാണ് തീരുമാനം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുള്‍പ്പടെയുള്ളവര്‍ വരും ദിവസങ്ങളില്‍ ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങും. ശബരിമല ആചാരസംരക്ഷണമുയര്‍ത്തി സമരം തുടരാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

ശബരിമല പ്രശ്‌നത്തില്‍ നടത്തിയ സമരങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ പെട്ട സംഘടനാ ശക്തി തിരിച്ചു പിടിക്കാനാണ് സമരം വീണ്ടും സജീവമാക്കുന്നത്. മാസ പൂജക്കായി നടതുറക്കുന്ന ഈ മാസം പതിമൂന്നിന് ജില്ലാ കേന്ദ്രങ്ങളില്‍ ഉപവാസം നടത്താനാണ് ബി.ജെ.പി തീരുമാനം. തൊട്ടടുത്ത ദിവസമാണ് യു.പി മുഖ്യമന്ത്രി എത്തുന്നത്. യോഗി ആദിത്യനാഥിന്റെ പരിപാടി പത്തനംതിട്ടയില്‍ തന്നെ വക്കുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്.

നാല് ലോക്‌സഭാ മണ്ഡലങ്ങളെ ഒരു ക്ലസ്റ്ററാക്കി തിരിച്ചാണ് സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നത്. ഇത്തരം ക്ലസ്റ്റര്‍ സമ്മേളനങ്ങളില്‍ ബി.ജെ.പി ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരുമായ നിര്‍മലാ സീതാരാമന്‍, രവിശങ്കര്‍ പ്രസാദ്, തുടങ്ങിയ നേതാക്കള്‍ ആദ്യഘട്ടത്തില്‍ സംബന്ധിക്കും. ബി.ജെ.പി സംസ്ഥാന നേതാക്കളെ മത്സര രംഗത്ത് നിന്ന് മാറ്റി പൊതു മുഖങ്ങളെ രംഗത്തിറക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് ഇത്തരം യോഗങ്ങളില്‍ അഭിപ്രായങ്ങള്‍ തേടാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. ശബരിമല പ്രശ്‌നങ്ങളിലുള്ള ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് പൊതുമുഖങ്ങളെ കൂടുതലായി ആലോചിക്കുന്നത്.