കോടതി വിലക്കുണ്ടെങ്കിലും ലയയനവുമായി മുന്നോട്ട് പോകുമെന്ന് സി.എം.പി
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കുമെന്നും സി.എം.പി നേതാക്കള്‍ പറഞ്ഞു.

കോടതി വിലക്കുണ്ടെങ്കിലും സി.പി.എമ്മുമായുള്ള ലയനവുമായി മുന്നോട്ട് പോകുമെന്ന് സി.എം.പി. ലയനസമ്മേളനത്തിന് ശേഷം വിഷയം നിയമപരമായി നേരിടുമെന്ന് സി.എം.പി അരവിന്ദാക്ഷന് വിഭാഗം നേതാക്കള്‍ വ്യക്തമാക്കി. സി.എം.പി സ്ഥാപക നേതാവ് എം.വി രാഘവന്റ മകന് നല്കിയ ഹരജിയെത്തുടര്‍ന്നാണ് ലയനനീക്കം എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞത്.
ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ച പ്രകാരം സി.എം.പി അരവിന്ദാക്ഷന് വിഭാഗം സി.പി.എമ്മില്‍ ലയിക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതിനെതിരെ സി.എം.പി സ്ഥാപകനേതാവ് എം.വി രാഘവന്റെ മകന് എം.വി രാജേഷ് കോടതിയെ സമീപിച്ചു. ഇന്നലെ രാജേഷിന്റെ ഹരജി പരിഗണിച്ച കോടതി സി.എം.പി സി.പി.എം ലയനം താത്ക്കാലികമായി വിലക്കുകയായിരുന്നു. എന്നാല്‍ ലയനസമ്മേളനവുമായി മുന്നോട്ടുപോകുമെന്നുമാണ് സി.എം.പി നിലപാട്.
ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കൊല്ലം ക്യു.എ.സി മൈതാനത്താണ് സി.എം.പി സി.പി.എം ലയനസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കുമെന്നും സി.എം.പി നേതാക്കള്‍ പറഞ്ഞു.