LiveTV

Live

Kerala

അഞ്ച് സീറ്റ് വേണം; പിടിമുറുക്കി യൂത്ത് കോണ്‍ഗ്രസും

കൊച്ചിയിൽ ചേർന്ന യൂത്ത് കോൺഗ്രസ് സംസ്ഥാനസമിതി യോഗത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെയാണ് പ്രധാന ചർച്ചയായത്. 

അഞ്ച് സീറ്റ് വേണം; പിടിമുറുക്കി യൂത്ത് കോണ്‍ഗ്രസും

ലോക്സഭ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ വേണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്. അനിവാര്യരല്ലാത്ത സിറ്റിങ് എം.പിമാരെ മാറ്റി നിർത്തണം. പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന നിലപാട് നേതൃത്വം സ്വീകരിക്കരുതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

കൊച്ചിയിൽ ചേർന്ന യൂത്ത് കോൺഗ്രസ് സംസ്ഥാനസമിതി യോഗത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെയാണ് പ്രധാന ചർച്ചയായത്. യുവാക്കൾക്ക് പ്രാതിനിധ്യം നൽകുമെന്ന രാഹുൽഗാന്ധിയുടെ പ്രഖ്യാപനത്തിന് വിരുദ്ധമായി ഒരു വിഭാഗം നേതാക്കൾ പ്രവർത്തിക്കുന്നതായി യോഗത്തിൽ വിമർശനമുയർന്നു. മുതിർന്ന നേതാക്കൾക്ക് അവസരം നൽകാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. അനിവാര്യമല്ലാത്ത സിറ്റിങ് എം.പിമാരെ അടക്കം മാറ്റിനിർത്തണം. 5 സീറ്റുകൾ യുവാക്കൾക്കും പുതുമുഖങ്ങൾക്കും ആയി മാറ്റിവെക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം.

എം.ഐ ഷാനവാസിന്റെ മകളെ സ്ഥാനാർഥിയാക്കാൻ നീക്കം നടക്കുന്നുവെന്ന വാർത്തയെക്കുറിച്ച് കൃത്യമായ മറുപടി നൽകാൻ നേതാക്കൾ തയ്യാറായില്ല. അതേസമയം, ഇറക്കുമതി സ്ഥാനാർഥികളെ അംഗീകരിക്കില്ലെന്നും ഒത്തുതീർപ്പ് സ്ഥാനാർഥികളെ അവതരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കേണ്ട മണ്ഡലങ്ങളും പേരുകളുമടക്കം ദേശീയ നേതൃത്വത്തെ അറിയിക്കാനും യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി യോഗത്തിൽ തീരുമാനമെടുത്തു.