LiveTV

Live

Kerala

യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇനി ഉഭയകക്ഷി ചര്‍ച്ചകളിലേക്ക്

പരസ്യ വിവാദങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഘടകക്ഷികളുടെ അവകാശ വാദങ്ങളും മറുപടിയും പരസ്യമായി ഉണ്ടായേക്കില്ല. 

യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇനി ഉഭയകക്ഷി ചര്‍ച്ചകളിലേക്ക്

യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇനി ഉഭയകക്ഷി ചര്‍ച്ചകളിലേക്ക്. പരസ്യ വിവാദങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഘടകക്ഷികളുടെ അവകാശ വാദങ്ങളും മറുപടിയും പരസ്യമായി ഉണ്ടായേക്കില്ല. ഘടകക്ഷികള്‍ക്ക് അധിക സീറ്റ് അനുവദിക്കാനുള്ള സാധ്യതയും കുറവാണ്.

അധിക സീറ്റ് ഘടകക്ഷികള്‍ ചോദിച്ചതോടെയാണ് യു.ഡി.എഫ് സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്. ലീഗ് നേതാക്കള്‍ ആദ്യ ഘട്ടത്തില്‍ പറഞ്ഞില്ലെങ്കിലും അണികളില്‍ നിന്ന് ശക്തമായ ആവശ്യമാണ് മൂന്നാമത്തെ സീറ്റിനായി ഉയര്‍ന്നത്. ജോസഫ് വിഭാഗം നിലപാട് പരസ്യമാക്കിയതോടെ കേരള കോണ്‍ഗ്രസും അധിക സീറ്റെന്ന വാദം ശക്തമാക്കി. കേരള കോണ്‍ഗ്രസിന‍്റെ നിലപാട് അത്യാര്‍ത്തിയാണെന്ന വിമര്‍ശം വി.എം സുധീരനും ഉന്നയിച്ചതോടെ പരസ്പര വാഗ്വാദത്തിലേക്ക് സീറ്റ് ചര്‍ച്ച കടക്കുമെന്ന പ്രതീതി വന്നു. ഇതോടെയാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ വേഗത്തില്‍ തീരുമാനിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചത്. ഉഭയകക്ഷി ചര്‍ച്ച തീരുമാനിച്ച സാഹചര്യത്തില്‍ പരസ്യ വാഗ്വാദം വേണ്ടെന്നാണ് തീരുമാനം. എന്നാല്‍ ലീഗിലും കേരള കോണ്‍ഗ്രസിലും ചര്‍ച്ചകള്‍ അവസാനിക്കില്ല. സീറ്റ് വിഭജന യോഗത്തില്‍ പങ്കെടുക്കാത്ത പ്രധാന നേതാക്കളുടെ നിലപാടിനെതിരെ ലീഗിലെ രണ്ടാം നിരയില്‍ അമര്‍ഷമുണ്ട്.

അധിക സീറ്റില്‍ ഉറച്ചു നില്‍ക്കാന്‍ അണികളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട്. സീറ്റ് തങ്ങളുടെ ഗ്രൂപ്പിന് ലഭിച്ചില്ലെങ്കില്‍ ജോസഫ് വിഭാഗവും അടങ്ങിയിരിക്കില്ല. ഉഭയകക്ഷി ചര്‍ച്ചയിലൂടെ ഈ പ്രശ്നങ്ങളെ പരിഹരിക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. അധിക സീറ്റ് ആര്‍ക്കും നല്‍കാന്‍ കഴിയുന്ന അവസ്ഥയിലല്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ തവണ ജെ.ഡി.യു മത്സരിച്ച പാലക്കാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയും ചെയ്യും. ഘടകകക്ഷികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.