LiveTV

Live

Kerala

പൊലീസില്‍ വന്‍ അഴിച്ചുപണി

53 ഡി.വൈ.എസ്.പിമാരെ സ്ഥലം മാറ്റുകയും 26സി.ഐമാര്‍ക്ക് ഡി.വൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നല്‍കുകയും..

പൊലീസില്‍ വന്‍ അഴിച്ചുപണി

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസില്‍ വന്‍ അഴിച്ചുപണി. അച്ചടക്ക നടപടി നേരിടുന്ന 11 ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരംതാഴ്ത്തി. 53 ഡി.വൈ.എസ്.പിമാരെയും 11 എ.എസ്.പിമാരെയും സ്ഥലം മാറ്റി. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

താത്കാലികമായി ഡി.വൈ.എസ്.പി സ്ഥാനക്കയറ്റം ലഭിച്ചവരാണ് നടപടി നേരിട്ടത്. 12 പേരെ തരംതാഴ്ത്താനായിരുന്നു നിർണയ സമിതിയുടെ ശുപാർശ. പട്ടികയിൽപ്പെട്ട എം.ആർ മധു ബാബു ഇന്നലെ ട്രിബ്യൂണലിൽ പോയി സ്റ്റേ വാങ്ങിയതിനാൽ തരംതാഴ്ത്തൽ പട്ടിയിൽ ഉൾപ്പെട്ടില്ല. ഒഴിവുണ്ടായ 11 ഡി.വൈ.എസ്.പി തസ്തികകളിലേക്ക് സി.ഐമാർക്ക് സ്ഥാന കയറ്റം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥ‍‍രെ കൂട്ടത്തോടെ തരംതാഴ്ത്തുത്തുന്നത്. വകുപ്പ് തല നടപടി നേരിട്ടവർക്കും നിരവധി ആരോപണ വിധേയർക്കും ഇതുവരെ സ്ഥാന കയറ്റം ലഭിച്ചിരുന്നു. അച്ചടക്ക നടപടി സ്ഥാന കയറ്റത്തിന് തടസമല്ലെന്ന കേരള പൊലീസ് ആക്ടിലെ വകുപ്പിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ വകുപ്പ് സർക്കാർ രണ്ടാഴ്ചയ്ക്ക് മുമ്പ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചത്.

ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ഥാന കയറ്റ നിർ‍ണയ സമിതിയാണ് താൽക്കാലിക സ്ഥാനക്കയറ്റം കിട്ടിയ 151 ഡി.വൈ.എസ്.പിമാ‍രുടെ വിവരങ്ങള്‍ പരിശോധിച്ച് 12 പേരെ ഒഴിവാക്കാൻ നിർദ്ദേശിച്ചത്. ബാക്കിയുള്ള 139പേരെ സ്ഥിരപ്പെടുത്താനാണ് ശുപാർശ. ഒഴിവാക്കിയവർക്ക് എതിരെ തരംതാഴ്ത്തൽ ഉള്‍പ്പെടെയുള്ള ഉചിതമായ നടപടി സ്വീകരിക്കണെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. 53 ഡി.വൈ.എസ്.പിമാര്‍ക്കും 11 എ.എസ്.പിമാര്‍ക്കും സ്ഥലംമാറ്റം ഉണ്ടായിട്ടുണ്ട്. 26 സി.ഐമാര്‍ക്ക് ഡി.വൈ.എസ്.പിമാരായി സ്ഥാനക്കയറ്റവും നൽകി.