LiveTV

Live

Kerala

സി.പി.എം - സി.എം.പി ലയനത്തിന് കോടതിയുടെ വിലക്ക്

പാർട്ടി ഭരണ ഘടന അനുസരിച്ച് സി.എം.പിയുടെ ഉന്നതാധികാര സമിതിയായ പാർട്ടി കോൺഗ്രസിന് മാത്രമേ പാർട്ടിയുടെ നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയൂവെന്ന എം.വി രാജേഷിന്റെ വാദം പരിഗണിച്ചാണ്

സി.പി.എം - സി.എം.പി ലയനത്തിന് കോടതിയുടെ വിലക്ക്

നാളെ നടക്കാനിരിക്കുന്ന സി.പി.എം - സി.എം.പി ലയനത്തിന് കോടതിയുടെ വിലക്ക്. സി.എം.പി സ്ഥാപക നേതാവ് എം.വി രാഘവന്റെ മകൻ എം.വി രാജേഷ് നൽകിയ ഹരജി പരിഗണിച്ചാണ് എറണാകുളം പ്രിൻസിപ്പൽ മുൻസിഫ് കോടതിയുടെ ഉത്തരവ്. എം.വി രാജേഷിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയ നടപടിയും കോടതി തടഞ്ഞു.

പാർട്ടി ഭരണ ഘടന അനുസരിച്ച് സി.എം.പിയുടെ ഉന്നതാധികാര സമിതിയായ പാർട്ടി കോൺഗ്രസിന് മാത്രമേ പാർട്ടിയുടെ നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയൂവെന്ന എം.വി രാജേഷിന്റെ വാദം പരിഗണിച്ചാണ് പ്രിൻസിപ്പൽ മുൻസിഫ് എസ്. സുധീഷ് കുമാറിന്റെ ഉത്തരവ്. ഹരജിയിൽ വാദം കേൾക്കവെ 2018 മെയ് 6 മുതൽ 8 വരെ തൃശൂരിൽ നടന്ന പാർട്ടി കോഗ്രസിൽ പാർട്ടി സി.പി.എമ്മിൽ ലയിക്കാനുള്ള തീരുമാനം ഐക്യകണ്ഠേന തീരുമാനിച്ചതാണെന്നും സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് എം.വി രാജേഷിനെ ഡിസംബർ 16 ന് പാർട്ടിയിൽനിന്ന് പുറത്താക്കിയതാണെന്നും എതിർകക്ഷികൾ കോടതിയെ അറിയിച്ചിരുന്നു.

സി.എം.പി അരവിന്ദാക്ഷ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ കണ്ണൻ, പോളിറ്റ് ബ്യൂറോ അംഗങ്ങളായ ടി.സി.എച്ച് വിജയൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് എം.വി രാജേഷ്, ജോയ് വർഗീസ്, കെ.പി കൃഷ്ണൻകുട്ടി, അജീബ് എം എന്നിവർ ഹരജി നൽകിയിരുന്നത്. കേസിൽ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ എം.വി രാജേഷിനെ പാർട്ടിയിൽനിന്ന് പുറത്താക്കാനോ പുറത്താക്കിയ അംഗം എന്ന നിലയിൽ പറയാനോ പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.