LiveTV

Live

Kerala

കേന്ദ്ര ബജറ്റില്‍ കേരളത്തിന് ലഭിച്ചതെന്ത്?

എയിംസ് ഉൾപ്പടെ കേരളത്തിന്റെ നിരന്തര ആവശ്യങ്ങളോട് ഇത്തവണയും കേന്ദ്രം മുഖം തിരിച്ചു.

കേന്ദ്ര ബജറ്റില്‍ കേരളത്തിന് ലഭിച്ചതെന്ത്?

കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റിൽ കേരളത്തിന്റെ നികുതി വിഹിതത്തിൽ വർധന. 2076.97 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എയിംസ് ഉൾപ്പടെ കേരളത്തിന്റെ നിരന്തര ആവശ്യങ്ങളോട് ഇത്തവണയും കേന്ദ്രം മുഖം തിരിച്ചു.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദി സർക്കാർ വാഗ്ദാന പെരുമഴ നടത്തിയപ്പോഴും കേരളത്തിന് പരിഗണന ലഭിച്ചില്ല. പ്രളയത്തെ അതിജീവിക്കാൻ ശ്രമിക്കുന്ന കേരളത്തിന് ആശ്വാസമാകുന്നത് നികുതി വിഹിതത്തിലെ വർധന മാത്രം.

21,115.14 കോടിയാണ് കേരളത്തിന്റെ നികുതി വിഹിതം. 2018-19ൽ 19,038.17 ആയിരുന്നു നികുതി വിഹിതം. 2076.97 കോടിയുടെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഇത് മാത്രമാണ് കേരളത്തിന് ആശ്വസിക്കാനുള്ളത്.

367 കോടി തിരുവനന്തപുരം ഐ.എസ്.ആർ.ഒക്കായി അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസിന് 80 കോടിയും, കൊച്ചിൻ പോർട്ട് ട്രസ്റ്റ് 46.71 കോടിയും കൊച്ചിൻ ഷിപ്പ്‍യാർഡിന് 660 കോടിയും വകയിരുത്തിയിട്ടുണ്ട്. റബർ ബോർഡിന് 170 കോടി, സ്‌പൈസസ് ബോർഡിന് 100 കോടി, ടി ബോർഡിന് 150 കോടി, കോഫീ ബോർഡിന് 200 കോടി വീതവും അനുവദിച്ചു. സമുദ്രോൽപ്പന്ന കയറ്റുമതിക്ക് 90കോടിയും കടുവ സംരക്ഷണത്തിന് 350 കോടിയും കേരളത്തിന് അനുവദിച്ചിട്ടുണ്ട്. അതേസമയം കശുവണ്ടി വികസന കൗൺസിലിന് 1 കോടി മാത്രമാണ് അനുവദിച്ചത്.