LiveTV

Live

Kerala

യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം

ഇടഞ്ഞു നില്‍ക്കുന്ന പി.ജെ ജോസഫിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും നടക്കും.

യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം

യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് തിരുവനന്തപുരത്ത്നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ സീറ്റ് വിഭജനത്തിനായുള്ള ആദ്യ ഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. ഇടഞ്ഞു നില്‍ക്കുന്ന പി.ജെ ജോസഫിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും നടക്കും.

യു.ഡി.എഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടക്കുകയാണ്. വൈകിട്ട് 6.30 ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൌസില്‍ ചേരുന്ന യു.ഡി.എഫ് യോഗം ഉഭയകക്ഷി ചര്‍ച്ചയിലേക്ക് വഴിമാറും. അധിക സീറ്റെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്ന മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് എന്നിവരുമായുള്ള ചര്‍ച്ചകളാണ് പ്രധാനം. അധിക സീറ്റെന്ന വാദം ഉന്നയിക്കുമെങ്കിലും ലീഗ് നിലപാട് മയപ്പെടുത്തുമെന്നാണ് സൂചന. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ അവസ്ഥ അതല്ല.

പാര്‍ട്ടിയിലെ ജോസഫ് വിഭാഗമാണ് അധിക സീറ്റ് ചോദിക്കുന്നത്. ലക്ഷ്യം പാര്‍ട്ടിക്ക് കിട്ടുന്ന സീറ്റ് തങ്ങളുടെ വിഭാഗത്തിന് കിട്ടണമെന്നതാണ്. അതിന് മാണി തയാറായില്ലെങ്കില്‍ കേരള കോണ്‍ഗ്രസും യു.ഡി.എഫും പ്രതിസന്ധിയിലേക്ക് പോകും. മഞ്ഞുരുക്കത്തിനുള്ള ശ്രമങ്ങളാകും യു.ഡി.എഫ് നേതാക്കള്‍ നടത്തുക. ആര്‍.എസ്.പി കൊല്ലം സീറ്റ് ഉറപ്പിച്ചുകഴിഞ്ഞു. മറ്റുള്ളവര്‍ക്കൊന്നും സീറ്റ് ലഭിക്കാനിടയില്ല. ഇന്ന് പൂര്‍ത്തിയാകാത്ത ഉഭയയക്ഷി ചര്‍ച്ച മറ്റു ദിവസങ്ങളില്‍ നടത്തും.സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കും തുടക്കമാകും.