LiveTV

Live

Kerala

പൊതുതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പ്രാഥമിക ചര്‍ച്ചകളിലേക്ക് സി.പി.എം കടക്കുന്നു

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും നാളെ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും.

പൊതുതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പ്രാഥമിക ചര്‍ച്ചകളിലേക്ക് സി.പി.എം കടക്കുന്നു

തെര‍ഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പ്രാഥമിക ചര്‍ച്ചകളിലേക്ക് സി.പി.എം കടക്കുന്നു. ഇപ്പോള്‍ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും നാളെ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. ഫെബ്രുവരി 14 ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് ജാഥയുടെ ഒരുക്കമാണ് യോഗത്തിന്റെ പ്രധാന അജണ്ട.

ഫെബ്രുവരി പകുതിയോടെ ആരംഭിക്കുന്ന കേരള സംരക്ഷണ യാത്രയുടെ ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട. ജാഥയുടെ സ്വീകരണത്തിനുള്ള പങ്കാളിത്തം മാര്‍ച്ച് രണ്ടിന് തൃശ്ശൂരില്‍ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ച വരും. ഉഭയകക്ഷി ചര്‍ച്ചകള്‍ സംബന്ധിച്ച തീരുമാനങ്ങളും നേതൃയോഗത്തിലുണ്ടായേക്കും. ഉഭയകക്ഷി ചര്‍ച്ചയിലായിരിക്കും സീറ്റ് വിഭജനം തീരുമാനിക്കുന്നത്. പുതിയതായി മുന്നണിയില്‍ ഉള്‍പ്പെടുത്തി ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവര്‍ സീറ്റുകള്‍ ചോദിക്കാനുള്ള സാധ്യതയുണ്ട്. മറ്റ് ചില കക്ഷികളും സീറ്റിന് അവകാശ വാദം ഉന്നയിച്ചേക്കും. ഇവരോട് സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച ചര്‍ച്ചകളും യോഗത്തിലുണ്ടാകും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് ജനതാദള്‍ എസിനാണ് നല്‍കിയത്. ഇത്തവണ ആ സീറ്റ് തിരിച്ചെടുക്കുന്നതിനെ കുറിച്ച് സി.പി.എം ആലോചിക്കുന്നുണ്ട്. എന്നാല്‍ ജനതാദള്‍ സീറ്റ് വിട്ട് നല്‍കുമോ എന്നതാണ് പ്രധാന ചോദ്യം. കോട്ടയം ഏറ്റെടുത്താല്‍ മറ്റൊരു സീറ്റ് നല്‍കണമെന്നാവശ്യം ജനതാദള്‍ മുന്നോട്ട് വച്ചേക്കും. ഇക്കാര്യങ്ങളിലെല്ലാം സ്വീകരിക്കേണ്ട നിലപാടുകള്‍ നേതൃയോഗത്തില്‍ വരും. പ്രത്യേക സാഹചര്യത്തില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയവരില്‍ ചിലര്‍ക്ക് വീണ്ടും അവസരം നല്‍കുന്നതിനെ കുറിച്ചുള്ള ആലോചനകളും സി.പി.എം നേതൃതലത്തില്‍ സജീവമാണ്.