ആദായ നികുതി പരിധി 5 ലക്ഷം: രാജ്യത്തെ മൂന്ന് കോടിയിലധികം ഇടത്തരക്കാര്‍ക്ക് ഗുണം ചെയ്യും
അടുത്ത സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ബജറ്റില്‍ ഉള്‍പ്പെടുത്തിയ ശേഷമേ പുതു ഇളവുകള്‍ പ്രാബല്യത്തിലാകൂ.

ആദായ നികുതി പരിധി 5 ലക്ഷമാക്കി ഉയര്‍ത്തിയത് രാജ്യത്തെ മൂന്ന് കോടിയിലധികം ഇടത്തരക്കാര്‍ക്ക് ഗുണം ചെയ്യും. പക്ഷേ അടുത്ത സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ബജറ്റില്‍ ഉള്‍പ്പെടുത്തിയ ശേഷമേ ഇത് യാഥാര്‍ത്ഥ്യമാക്കാനാകൂ. ശമ്പളത്തിലെ ആനൂകുല്യങ്ങള്‍ പരിഗണിച്ച് നല്കുന്ന, സ്റ്റാന്റേര്‍ഡ് നികുതി ഇളവ് തോത് 50,000 ആക്കി ഉയര്‍ത്തിയതടക്കം ഒട്ടേറെ മറ്റു നികുതി ഇളവുകളും ബജറ്റിലുണ്ട്.
നികുതിദായകരെ കയ്യിലെടുക്കലായിരുന്നു ഇടക്കാല ബജറ്റിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. 5 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ഇനി ആദായ നികുതി നല്‍കേണ്ടതില്ലെന്നാണ് വാഗ്ദാനം. 2.5 ലക്ഷം എന്ന പരിധിയാണ് ഈ നിലയില്‍ കുത്തനെ ഉയര്‍ത്തിയത്. ഭവന വായ്പ, നിക്ഷേപം തുടങ്ങിയവയുണ്ടെങ്കില്‍ ആദായ നികുതി നിയമത്തിലെ 80 സി വ്യവസ്ഥ പ്രകാരം 5 ലക്ഷം എന്ന പരിധി 6.5 ലക്ഷം വരെ ആയി ഉയരും. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷം നിലവിലെ നിരക്ക് തന്നെയാണ് തുടരുക. അടുത്ത സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ബജറ്റില്‍ ഉള്‍പ്പെടുത്തിയ ശേഷമേ പുതു ഇളവുകള്‍ പ്രാബല്യത്തിലാകൂ.
ആദായ നികുതി റിട്ടേണ്‍ 2 വര്‍ഷം കൊണ്ട് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാക്കും. റിട്ടേണ്‍ ഒരു ദിവസത്തിനുള്ളില്‍ നല്‍കും. നിര്‍മ്മിച്ച ശേഷം വില്പന നടക്കാത്ത വീടുകള്‍ക്ക് രണ്ട് വര്‍ഷം വരെ അനുമാന നികുതി നല്‍കേണ്ടതില്ല. 2 കോടി വരെയുള്ള വീടുകളുടെ മൂലധന നികുതി ഒരാള്‍ക്ക് ഒരു വീടിന് നല്‍കിയിരുന്നത് രണ്ട് വീടാക്കി ഉയര്‍ത്തി. ജി.എസ്.ടി യില്‍ രജിസ്റ്റര്‍ ചെയ്ത ചെറുകിട വ്യവസായ സ്ഥാനങ്ങള്‍ക്ക് 2 ശതമാനം നികുതി ഇളവ് തുടങ്ങിയവയാണ് നികുതിദായകര്‍ക്ക് ആശ്വാസമേകുന്ന മറ്റു പ്രഖ്യാപനങ്ങള്‍. ഇത്രയും നികുതി ഇളവുകള്‍ ചുരുങ്ങിയത് 18500 കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാരിനുണ്ടാക്കും.