LiveTV

Live

Kerala

ചാലക്കുടിയില്‍ ഇനിയൊരങ്കത്തിനുണ്ടാകുമോ ഇന്നസെന്റ്?

തന്റെ അസാന്നിധ്യത്തെ സാന്നിധ്യമുള്ള സമയങ്ങളില്‍ അദ്ദേഹം മറികടന്നു. ജനപ്രതിനിധി എന്നതിനപ്പുറം പലപ്പോഴും അദ്ദേഹം ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് മുന്നോട്ട് പോയത്.

ചാലക്കുടിയില്‍ ഇനിയൊരങ്കത്തിനുണ്ടാകുമോ ഇന്നസെന്റ്?

അപ്രതീക്ഷിതമായിട്ടായിരുന്നു കഴിഞ്ഞ ലോക്സഭ തിര‍ഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ ചലച്ചിത്രതാരം ഇന്നസെന്റ് സ്ഥാനാര്‍ത്ഥിയായത്. ഇടത് മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റ് എത്തിയപ്പോള്‍ ആ മുന്നണിക്കാര്‍ക്കൊപ്പം എതിരാളികളും തെല്ലൊന്നുമല്ല ആശങ്കയിലായത്.

കഴിഞ്ഞ ലോക്സഭ തിര‍ഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും വീറുംവാശിയുമുള്ള പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ് ചാലക്കുടി. ചാലക്കുടിയെ സംബന്ധിച്ചിടത്തോളം മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന രണ്ടാമത്തെ തെര‍ഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ തവണത്തേത്. 2009 ല്‍ മണ്ഡലത്തിന്റെ കന്നി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ.പി ധനപാലനായിരുന്നു വിജയം. നേരത്തെയുണ്ടായിരുന്ന മുകുന്ദപുരം ലോക്സഭ മണ്ഡലത്തിലെ ഭൂരിഭാഗം മണ്ഡലങ്ങളും ഉള്‍പ്പെടുത്തിയാണ് 2008 ലെ മണ്ഡല പുനഃക്രമീകരണത്തോടെ ചാലക്കുടി രൂപീകരിച്ചത്. പരമ്പരാഗതമായി കോണ്‍ഗ്രസ് ചായ്‍വ് കാണിച്ച മണ്ഡലത്തില്‍ ഇന്നസെന്റ് ഇടത് മുന്നണിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പരീക്ഷണമായിരുന്നു

സിറ്റിങ്ങ് എം.പി കെ.പി ധനപാലന് പകരം പാര്‍ട്ടി ദേശീയ വക്താവു കൂടിയായ പി.സി ചാക്കോയെയാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ധനപാലന് ചാക്കോയുടെ സിറ്റിങ്ങ് സീറ്റായ തൃശൂരും നല്‍കി. ഇതിന്റെ അസ്വസ്ഥതകള്‍ കോണ്‍ഗ്രസില്‍ നീറിപ്പുകഞ്ഞിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യനാളുകളില്‍.

തമ്മില്‍ തല്ലില്‍ത്തട്ടി കോണ്‍ഗ്രസ് പ്രചരണം ഇഴഞ്ഞ് നീങ്ങിയപ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥി, പതിവ് നര്‍മവുമായി ചാലക്കുടിക്കാരെ പതുക്കെ കീഴടക്കി തുടങ്ങിയിരുന്നു. ദേശീയ സംസ്ഥാന രാഷ്ട്രീയത്തെ തന്റെ പതിവ് ശൈലിയില്‍ പ്രതിപാദിച്ച് ഇന്നസെന്റ് പതുക്കെ ആള്‍ക്കൂട്ടങ്ങളെ വോട്ടാക്കി മാറ്റുകയായിരുന്നു. ഇന്നസെന്റെന്ന ഇടത് പരീക്ഷണം ശരിയായിരുന്നുവെന്ന അടയാളപ്പെടുത്തലുമായാണ് ഫല പ്രഖ്യാപനം വന്നത്.

പാര്‍ലമെന്റംഗമെന്ന നിലയില്‍ മണ്ഡലത്തില്‍ മുഴുനീള സഞ്ചരിക്കുന്നതിന് പലപ്പോഴും ഇന്നസെന്റിന് അദ്ദേഹത്തിന്റെ അസുഖം തടസ്സമായി. കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട തുടര്‍ ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തെ പലപ്പോഴും ആശുപത്രിയിലുമാക്കി. എങ്കിലും തന്റെ അസാന്നിധ്യത്തെ സാന്നിധ്യമുള്ള സമയങ്ങളില്‍ അദ്ദേഹം മറികടന്നു. ജനപ്രതിനിധി എന്നതിനപ്പുറം പലപ്പോഴും അദ്ദേഹം ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് മുന്നോട്ട് പോയത്.

തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമ്പോള്‍ ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമായിരിക്കുന്നു. ഇനിയൊരങ്കത്തിനില്ലെന്ന് ഇന്നസെന്റ് പരസ്യമായി പറഞ്ഞു കഴിഞ്ഞു, സി.പി.എം സമ്മര്‍ദ്ദം ഇന്നസെന്റിന് മേല്‍ ഇത്തവണയും ഉണ്ടാകുമോ. സമ്മര്‍ദ്ദത്തോടുള്ള ഇന്നസെന്റിന്റെ നിലപാട് എന്തായിരിക്കും. ഉത്തരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം