ശബരിമല വികസനത്തിന് ബജറ്റില്‍ വകയിരുത്തിയത് 739 കോടി
ഇതു കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപയും ബജറ്റ് വിഹിതം നല്കി.

ശബരിമലയുടെ വികസനത്തിന് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത് 739 കോടി രൂപ. ഇതു കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപയും ബജറ്റ് വിഹിതം നല്കി. ബജറ്റില്‍ കൂടുതല്‍ തുക അനുവദിച്ചത് പമ്പയുടെ പുനര്നിര്മാണത്തിനടക്കം സഹായകരമാകുമെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ പ്രതികരിച്ചു.
നിലക്കലിലെ അടിസ്ഥാന സൌകര്യ വികസനം, റോഡ് വികസനം, അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കായാണ് 739 കോടി രൂപ ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. ഇതില്‍ റോഡ് വികസനത്തിന് 200 കോടിയും പമ്പ, നിലക്കല്‍ അടിസ്ഥാന സൌകര്യ വികസനത്തിന് 147.75 കോടി രൂപയും ഉള്‍പ്പെടുന്നു. സന്നിധാനത്തെ കൂടാതെ പമ്പയിലും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. ഒരു കോടി ലിറ്റര്‍ ശേഷിയുള്ള പ്ലാന്റിന് 40 കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. 308 കോടി രൂപയാണ് കഴിഞ്ഞ തവണ ശബരിമലയ്ക്കായി അനുവദിച്ചത്.
കാണിക്കയിടരുതെന്ന പ്രചരണം നടവരവിനെ കാര്യമായി ബാധിച്ച അവസരത്തില്‍ ബജറ്റില്‍ പ്രത്യേക പരിഗണന ലഭിച്ചത് വലിയകാര്യമാണെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു. നിലവില്‍ പമ്പയില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇതിനായി പണം അനുവദിച്ചിരുന്നില്ല. പമ്പയില്‍ സ്ഥിരം നിര്‍മാണങ്ങള്‍ വേണ്ടെന്ന് ദേവസ്വം ബോര്‍ഡ് പിന്നീട് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നിലക്കലില്‍ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത വലിയ പരാതികള്‍ക്ക് വഴിവെച്ചിരുന്നു.