LiveTV

Live

Kerala

അതിക്രമത്തിനിരയായ സ്ത്രീയുടെ മൊഴിയെടുക്കവേ അശ്ലീല പരാമര്‍ശം: പൊലീസുകാരനെതിരെ നടപടി വേണമെന്ന് വനിതാകമ്മീഷന്‍

ചോമ്പാല സ്വദേശിയുടെ അയല്‍വാസി മദ്യപിച്ച് സ്ത്രീയോട് നിരന്തരമായി അതിക്രമം കാണിക്കുന്നു എന്നായിരുന്നു പരാതി.

അതിക്രമത്തിനിരയായ സ്ത്രീയുടെ മൊഴിയെടുക്കവേ അശ്ലീല പരാമര്‍ശം: പൊലീസുകാരനെതിരെ നടപടി വേണമെന്ന് വനിതാകമ്മീഷന്‍

കോഴിക്കോട് ചോമ്പാലയില്‍ അതിക്രമത്തിനിരയായ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് വനിതാകമ്മീഷന്‍റെ നിര്‍ദ്ദേശം. ചോമ്പാല പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെയാണ് വനിതാകമ്മീഷന്‍ നടപടി ആവശ്യപ്പെട്ടത്. കോഴിക്കോട് നടന്ന വനിതാ കമ്മീഷൻ സിറ്റിംഗിലായിരുന്നു നടപടി.

ചോമ്പാല സ്വദേശിയുടെ അയല്‍വാസി മദ്യപിച്ച് സ്ത്രീയോട് നിരന്തരമായി അതിക്രമം കാണിക്കുന്നു എന്നായിരുന്നു പരാതി. പരാതി പോലീസ് ആദ്യം ജാഗ്രതയോടെ കണക്കിലെടുത്തില്ല. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നീട് സ്ത്രീയുടെ മൊഴിയെടുത്തത് പുരുഷ പോലീസാണ്. മൊഴിയെടുക്കവെ ഈ ഉദ്യോഗസ്ഥന്‍ സ്ത്രീയോട് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും മാനസികമായി സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തെന്ന് സ്ത്രീ വനിത കമ്മീഷന് പരാതി നല്‍കി. വനിതാകമ്മീഷന്‍ കോഴിക്കോട് കലക്ടറേറ്റില്‍ നടത്തിയ സിറ്റിംഗില്‍ പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തുകയും ശാസിക്കുകയും ചെയ്തു.

വനിതാ പൊലീസ് ഓഫീസര്‍ ഇല്ലാത്തതിനാലാണ് താന്‍ മൊഴി രേഖപ്പെടുത്തിയതെന്നാണ് പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണം. ഈ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാന്‍ റൂറല്‍ എസ്.പി ജി ജയദേവന് വനിതാകമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.