LiveTV

Live

Kerala

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണം; ഇളവ് നല്‍കുമെന്ന് വ്യോമയാന മന്ത്രാലയം

സ്വകാര്യവത്കരണ ലേലത്തില്‍ പങ്കെുടക്കാനുള്ള ആദ്യ അവസരം കേരളത്തിന് നല്‍കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. 

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണം; ഇളവ് നല്‍കുമെന്ന് വ്യോമയാന മന്ത്രാലയം

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തില്‍ കേരളത്തിന് ഇളവ് നല്‍കുമെന്ന് വ്യോമയാന മന്ത്രാലയം. സ്വകാര്യവത്കരണ ലേലത്തില്‍ പങ്കെുടക്കാനുള്ള ആദ്യ അവസരം കേരളത്തിന് നല്‍കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. അതേസമയം കണ്ണൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസ് ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനിടയില്‍ കേരളത്തിന് ആശ്വാസം പകരുന്നതാണ് മന്ത്രാലയത്തിന്റെ നിലപാട്. ഇതനുസരിച്ച് സ്വകാര്യവത്കരിക്കാനുള്ള ലേലത്തില്‍ പങ്കെടുക്കാനുള്ള ആദ്യ അവസരം കേരളത്തിന് ലഭിക്കും. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച തിരുവനന്തപുരം എയര്‍പോര്‍ട്ട് ലിമിറ്റഡ് കമ്പനിക്ക് വിമാനത്താവളം ഏറ്റെടുക്കാനുള്ള അനുകൂല സാഹചര്യമാണ് ഇത് വഴിയൊരുക്കുന്നതെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. നിലവില്‍ രാജ്യത്തെ ആറ് വിമാനത്താവളങ്ങളാണ് സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇതില്‍ തിരുവനന്തപുരത്തിന് മാത്രമേ ഇത്തരമൊരു അവസരം നല്‍കിയിട്ടുള്ളുവെന്നാണ് സൂചന. ഇക്കാര്യത്തില്‍ കേരളം നേരത്തെ മന്ത്രാലയത്തോടെ അനുകൂല നടപടിയെടുക്കണെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. അതേസമയം കണ്ണൂരില്‍ നിന്ന് നേരിട്ട് ഡല്‍ഹിയിലേക്കുള്ള വിമാന സര്‍വീസ് ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഉഡാന്‍ പദ്ധതി പ്രകാരം അരംഭിക്കുന്ന സര്‍വീസ് ഈ വര്‍ഷം മാര്‍ച്ച് മുതലായിരിക്കും തുടങ്ങുക. ഡല്‍ഹിക്കടുത്തുളള ഹിന്‍ഡന്‍ വിമാനത്താവളത്തിലേക്കുള്ള സര്‍വീസിന് ഇന്‍ഡിഗോയ്ക്കാണ് അനുമതി ലഭിച്ചത്.