LiveTV

Live

Kerala

ബജറ്റ്; പൈനാപ്പിള്‍ കര്‍ഷകരും പ്രതീക്ഷയിലാണ്

സംസ്ഥാനത്തെ ഏറ്റവും വലിയ പൈനാപ്പിള്‍ വിപണിയായ വാഴക്കുളത്ത് കൃഷിമന്ത്രി നേരിട്ടെത്തി കര്‍ഷകര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു.

 ബജറ്റ്; പൈനാപ്പിള്‍ കര്‍ഷകരും പ്രതീക്ഷയിലാണ്

സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് പൈനാപ്പിള്‍ കര്‍ഷകര്‍. സര്‍ക്കാരിന് പ്രതിവര്‍ഷം ഏകദേശം ആയിരം കോടിയുടെ വരുമാനമാണ് പൈനാപ്പിള്‍ കൃഷിയിലൂടെ ലഭിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ പൈനാപ്പിള്‍ വിപണിയായ വാഴക്കുളത്ത് കൃഷിമന്ത്രി നേരിട്ടെത്തി കര്‍ഷകര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു.

പ്രളയവും കാലാവസ്ഥാ വ്യതിയാനവും കര്‍ഷകരെ ദുരിതത്തിലാക്കിയ വര്‍ഷമാണ് കടന്നുപോയത്. പൈനാപ്പിള്‍ കൃഷിയില്‍ പിന്നീട് ഉണര്‍വ് വന്നപ്പോഴും കൂടുതല്‍ വിളവെടുപ്പുണ്ടാകുന്ന സമയത്തെ വിലയിടിവ് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. പൈനാപ്പിൾ ഹോട്ടികോർപ്പ് വഴി ഏറ്റെടുക്കണമെന്നും കേരളത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റ് ഹൈടെക് ആക്കി ഉയർത്താൻ ബജറ്റിൽ തീരുമാനം ഉണ്ടാകണമെന്നതുമാണ് കര്‍ഷകരുടെ ആവശ്യം. കർഷകർക്ക് ഉണ്ടാകുന്ന ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

കേരളത്തിലെ ഏറ്റവും വലിയ പൈനാപ്പിള്‍ വിപണിയായ വാഴക്കുളത്ത് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ നേരിട്ടെത്തി കര്‍ഷകരുടെ ദുരിതം മനസിലാക്കിയിരുന്നു. പല കര്‍ഷകരും സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നവരാണ്. സംസ്ഥാനത്തെ പല പൈനാപ്പിള്‍ ഫാക്ടറികളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. രണ്ടായിരത്തിൽ സ്ഥാപിതമായ മുവാറ്റുപുഴ നടുക്കര പൈനാപ്പിൾ ഫാക്ടറി ഇതിനൊരു ഉദാഹരണമാണ്. ഒരു വർഷം പന്ത്രണ്ടായിരം ടൺ പൈനാപ്പിൾ പ്രോസസ് ചെയ്തിരുന്ന കമ്പനിയായിരുന്നു ഇത്. വിപണിയെ സംരക്ഷിക്കാന്‍ പൈനാപ്പിളില്‍ നിന്ന് മറ്റ് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനുളള സൌകര്യം വര്‍ധിപ്പിക്കണമെന്ന ആവശ്യം കര്‍ഷകര്‍ മുന്നോട്ട് വച്ചിരുന്നു. സര്‍ക്കാരിന് പ്രതിവര്‍ഷം ഏകദേശം ആയിരം കോടിയുടെ വരുമാനമാണ് പൈനാപ്പിള്‍ കൃഷിയിലൂടെ ലഭിക്കുന്നത്. ഇതിന്റെ പ്രാധാന്യം മനസിലാക്കി ബജറ്റില്‍ പരിഗണന ലഭിക്കുമെന്ന വിശ്വാസത്തിലാണ് കര്‍ഷകര്‍.