LiveTV

Live

Kerala

2004 ല്‍ പി. സി തോമസ് നേടിയത് അട്ടിമറി വിജയം

ഏറ്റവും ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലമായിരുന്നു മൂവാറ്റുപുഴ. കേരളത്തില്‍ നിന്ന് എന്‍.ഡി.എ പിന്തുണയോടെ ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച ഏക വ്യക്തി കൂടിയാണ് പി.സി തോമസ്.

2004 ല്‍ പി. സി തോമസ് നേടിയത് അട്ടിമറി വിജയം

കെ.എം മാണിയുമായി തെറ്റി 2004 ല്‍ എന്‍.ഡി.എ പിന്തുണയോടെ പി.സി തോമസ് ലോക്സഭയിലേക്ക് മത്സരിക്കുമ്പോള്‍ കേരളത്തില്‍ ഏറ്റവും ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലമായിരുന്നു മൂവാറ്റുപുഴ. പഴയ നേതാവ് കെ.എം മാണിയുടെ മകന്‍ ജോസ്. കെ. മാണിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് പി.സി തോമസ് വിജയിച്ചു. കേരളത്തില്‍ നിന്ന് എന്‍.ഡി.എ പിന്തുണയോടെ ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച ഏക വ്യക്തി കൂടിയാണ് പി.സി തോമസ്.

2004 ല്‍ മൂവാറ്റുപുഴ ലോക്സഭ മണ്ഡലത്തില്‍ ഇടത് വലത് മുന്നണികളെ അട്ടിമറിച്ച് എന്‍.ഡി.എ പിന്തുണയോടെ പി സി തോമസ് ജയിച്ചുകയറുമ്പോള്‍ കേരളത്തിലെ മുന്നണി രാഷ്ട്രീയ സംവിധാനത്തെ ഞെട്ടിച്ച ഒരു വിജയമായിരുന്നു അത്.

കെ. എം മാണി കഴിഞ്ഞാല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ അമരക്കാരന്‍- അതായിരുന്നു ഒരു കാലത്ത് പി.ടി ചാക്കോയുടെ മകന്‍ പി.സി തോമസ്. 1989 മുതല്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ലോക്സഭയിലേക്ക്. പാര്‍ട്ടിയില്‍ പിന്‍ഗാമി മകനാകണമെന്ന് കെ.എം മാണി തീരുമാനിച്ചപ്പോള്‍ പി.സി ഇടഞ്ഞു. 2004ല്‍ മൂവാറ്റുപുഴ ജോസ് കെ. മാണിക്ക് നല്‍കാന്‍ തീരുമാനിച്ചതോടെ പി.സി തോമസ് പാര്‍ട്ടി വിട്ട് ഒറ്റയ്ക്ക് മത്സരിച്ചു. പിന്തുണയ്ക്കാന്‍ എന്‍.ഡി.എയും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം ഇസ്മായിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണിയും തോറ്റു. പി.സി തോമസിന് 529 വോട്ടിന്റെ ഭൂരിപക്ഷം.

ജോസ് കെ. മാണിയെ പാര്‍ട്ടി നേതാവായി വളര്‍ത്തുന്നതില്‍ അമര്‍ഷമുണ്ടായിരുന്ന ഒരു വിഭാഗം കേരള കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി പി.സി തോമസിനെ സഹായിച്ചുവെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍ എം.പിയായിരിക്കെ കേരളത്തിന് വേണ്ടി പ്രയത്നിച്ചതിനുള്ള പ്രതിഫലമാണ് ജനം നല്‍കിയതെന്ന് പി.സി തോമസ്.

കേരളത്തില്‍ നിന്ന് എന്‍.ഡി.എ പിന്തുണയില്‍ വിജയിച്ച ഏക എം.പി വാജ്പേയി സര്‍ക്കാരില്‍ മന്ത്രിയായി. ഇതിനിടയില്‍ തോമസിന്റെ എം.പി സ്ഥാനം ഹൈക്കോടതി റദ്ദാക്കി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മതവികാരം ചൂഷണം ചെയ്തുവെന്ന് ചൂണ്ടികാട്ടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.എം ഇസ്മയില്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു വിധി. ഈ വിധി ശരിവെച്ച് സുപ്രീംകോടതി തോമസിന് അയോഗ്യത കല്‍പിക്കുമ്പോഴേക്കും സഭയുടെ കാലാവധി പൂര്‍ത്തിയായിരുന്നു.

മണ്ഡലങ്ങള്‍ പുനര്‍ നിര്‍ണയിച്ചപ്പോള്‍ മൂവാറ്റുപുഴ ഇല്ലാതായി. പി.സി തോമസ്, ജോസഫ് ഗ്രൂപ്പിലൂടെ കേരള കോണ്‍ഗ്രസിലേക്ക് മടങ്ങി. മാണി ഗ്രൂപ്പില്‍ ലയിക്കാന്‍ ജോസഫ് തീരുമാനിച്ചപ്പോള്‍ പിണങ്ങിയ പി സി, എല്‍.ഡി.എഫ് ബന്ധമുപേക്ഷിച്ച് വീണ്ടും എന്‍.ഡി.എയിലെത്തി.