LiveTV

Live

Kerala

സീറ്റ് തര്‍ക്കത്തിനിടെ ലീഗ് - കേരള കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ എന്നിവരാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണാനെത്തിയത്

സീറ്റ് തര്‍ക്കത്തിനിടെ  ലീഗ് - കേരള കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

യു.ഡി.എഫില്‍ സീറ്റ് തര്‍ക്കം നിലനില്‍ക്കുന്നതിനിടെ മുസ്‍ലിം ലീഗ് - കേരള കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ എന്നിവരാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണാനെത്തിയത്. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

കേരള കോണ്‍ഗ്രസിന്‍റെ കേരളയാത്ര മലപ്പുറത്ത് പര്യടനം തുടരുന്നതിനിടയിലാണ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയും റോഷി അഗസ്റ്റിന്‍ എം.എല്‍.എയും അടക്കമുള്ളവര്‍ ഹൈദരലി തങ്ങളെ കാണാന്‍ പാണക്കാട്ടെത്തിയത്. സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ ജോസ് കെ മാണി, പാലായും പാണക്കാടും തമ്മിലുള്ള പഴയ ബന്ധം ഊട്ടി ഉറപ്പിക്കാനെത്തിയതെന്നാണ് പ്രതികരിച്ചത്.

മൂന്നാം സീറ്റ് സംബന്ധിച്ച കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും തീരുമാനിക്കുകയെന്നും യു.ഡി.എഫിന് ഗുണപരമായ തീരുമാനങ്ങളിലായിരിക്കും ഘടക കക്ഷികള്‍ എത്തിച്ചേരുകയെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. കേരള കോണ്‍ഗ്രസും ലീഗും കൂടുതല്‍ സീറ്റുകള്‍ക്കായി യു.ഡി.എഫില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടയില്‍ നടത്തിയ സന്ദര്‍ശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.