LiveTV

Live

Kerala

ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിന് കർശന നിയമം വരുന്നു

ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടമനുസരിച്ച് കാലാവധി കഴിയുന്ന തിയതി മുതൽ ഏഴു ദിവസത്തിനുള്ളിൽ ഇവ സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്യണമെന്നാണ് വ്യവസ്ഥ. 

ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിന് കർശന നിയമം വരുന്നു

സംസ്ഥാനത്ത് ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിന് കർശന നിയമം വരുന്നു. ബോർഡ് സ്ഥാപിക്കാൻ അനുമതി തേടുമ്പോൾ ഉള്ളടക്കം എന്തെന്ന് തദ്ദേശ ഭരണ സെക്രട്ടറിയെ ബോധ്യപ്പെടുത്തണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചാണ് നിയമം രൂപീകരിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടമനുസരിച്ച് കാലാവധി കഴിയുന്ന തിയതി മുതൽ ഏഴു ദിവസത്തിനുള്ളിൽ ഇവ സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്യണമെന്നാണ് വ്യവസ്ഥ. അല്ലാത്തപക്ഷം തദ്ദേശ ഭരണ സ്ഥാപനങ്ങൾ ബോർഡുകൾ നീക്കി ചെലവ് ഈടാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മതസ്പർദ്ധയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടാക്കുന്ന ബോർഡുകൾക്ക് അനുമതി നൽകില്ല. പൊതുജനങ്ങൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലും വളവുകളിലും പാലങ്ങളിലും ട്രാഫിക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തരത്തിലും ബോർഡുകൾ വയ്ക്കാൻ അനുവദിക്കില്ല.

പൊതുനിരത്തുകളിൽ അനധികൃത ഫ്ലക്സ് ബോർഡുകളും ബാനറുകളും സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് വിവിധ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി 11.76 ലക്ഷം രൂപ പിഴയായി ഈടാക്കിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള കണക്കനുസരിച്ച് 3,10,086 അനധികൃത ബോർഡുകൾ നീക്കം ചെയ്തു. പഞ്ചായത്തുകളിൽ നിന്ന് 1,80,943 ബോർഡുകൾ നീക്കം ചെയ്തു. 86,780 രൂപ പിഴ ഈടാക്കി. നഗരസഭകളിൽ നിന്ന് 1,29,143 ബോർഡുകൾ നീക്കം ചെയ്ത് 10,89,690 രൂപ പിഴ ഈടാക്കിയതായും വിശദീകരണത്തിൽ പറയുന്നു.